കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാധ്യമ വിലക്ക്

ബംഗളൂരു: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാധ്യമ വിലക്കേര്‍പ്പെടുത്തികൊണ്ട് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവലാതികള്‍ പറഞ്ഞ് സര്‍ക്കാരിനെ കുഴപ്പത്തിലാക്കരുതെന്ന് ചൂണ്ടികാട്ടിയാണ് സര്‍ക്കാരിനെതിരായി മാധ്യമങ്ങളില്‍ പ്രസ്താവന നടത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിലക്കികൊണ്ട് ചീഫ് സെക്രട്ടറി പി. രവികുമാര്‍ സര്‍ക്കുലര്‍ ഇറക്കിയത്.

ഇതോടൊപ്പം സര്‍ക്കാര്‍ പദ്ധതികള്‍ സ്വന്തം നേട്ടമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ എല്ലാ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കും ഉത്തരവ് ബാധകമാണ്. നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനം നടത്തിയും അല്ലാതെയുമായി മാധ്യമങ്ങളില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തുകയാണെന്നും ഇത് ഭരണത്തെ ബാധിക്കുകയാണെന്നും സര്‍ക്കാരിനെ കുഴപ്പത്തിലാക്കുകയാണെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.

ഇത്തരം പ്രസ്താവനകള്‍ ഗൗരവമായിട്ടാണ് സര്‍ക്കാര്‍ കാണുന്നതെന്നും നല്‍കിയിട്ടുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുക മാത്രമാണ് ഉദ്യോഗസ്ഥരുടെ ചുമതലയെന്നും സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ മാധ്യമങ്ങളില്‍ പ്രസ്താവന നല്‍കുന്നത് സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ട 1968ലെ പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നും കര്‍ണാടക സിവില്‍ സര്‍വീസ് പെരുമാറ്റച്ചട്ടത്തിലും മാധ്യമങ്ങളോട് സംസാരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് വിലക്കുണ്ടെന്നും വ്യക്തമാക്കിയാണ് പുതിയ നിയന്ത്രണം. വ്യക്തിപരമായുള്ള ഉദ്യോഗസ്ഥരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്നും സര്‍ക്കാര്‍ പദ്ധതികള്‍ സ്വന്തം നേട്ടമായി ഉയര്‍ത്തികാട്ടരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.

 

 

Top