ബ്യൂണസ് ഐറിസ്: തന്റെ പ്രിയശിഷ്യനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിയെക്കുറിച്ചുള്ള തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് ഇതിഹാസ താരം ഡീഗോ മറഡോണ. മെസ്സിയും താനും തമ്മിലുള്ള സൗഹൃദം മറ്റെന്തിനേക്കാളും വലുതാണെന്നും മറ്റൊരാള്‍ക്കും അത് മനസ്സിലാക്കാന്‍ കഴിയില്ലെന്നും മറഡോണ പറഞ്ഞു. ലോകത്തിലെ ഏറ്റവും കേമനാണ് മെസ്സി എന്നാണ് ഇപ്പോള്‍ മറഡോണ പറയുന്നത്.
ലിയോ ആരാണെന്ന് തനിക്കറിയാമെന്ന് മറഡോണ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണെന്ന് തനിക്കറിയാം. കിക്കോഫിന് മുമ്പ് 20 കളിക്കാര്‍ ടോയ്ലറ്റില്‍ പോയിട്ടുണ്ടെങ്കില്‍ താനൊരിക്കലും മെസ്സിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. മെസ്സിയും താനുമായുള്ള സൗഹൃദം തകര്‍ക്കുകയാണ് ചിലരുടെ ലക്ഷ്യം. അതിന് കഴിയില്ലെന്നാണ് അവരോടു പറയാനുള്ളത്. നിങ്ങള്‍ മാധ്യമങ്ങള്‍ക്കു എഴുതിപ്പിടിപ്പിക്കുന്നതിനേക്കാള്‍ വലുതാണ് മെസ്സിയുമായി തനിക്കുള്ള ബന്ധമെന്നും മറഡോണ തുറന്നടിച്ചു.
അര്‍ജന്റീന ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെ മഹത്തായ താരമെന്നോ ഫുട്ബോള്‍ ദൈവമെന്നോ വിശേഷിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നാണ് ഇതിഹാസ താരം ഡീഗോ മറഡോണ പറഞ്ഞത്. മെസ്സി ക്ലബ്ബിനുവേണ്ടി ഒരു താരവും, രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ മറ്റൊരാളുമാണെന്ന് മറഡോണ പറഞ്ഞു.
ഒരു നല്ല നേതാവാകാന്‍ മെസ്സിക്ക് കഴിയുന്നില്ല. മത്സരത്തിന് മുന്‍പ് 20 തവണ ടോയ്ലറ്റില്‍ പോകുന്നയാളെ എങ്ങിനെയാണ് നല്ല നേതാവെന്ന് വിലയിരുത്തുകയെന്ന് മറഡോണ ചോദിച്ചിരുന്നു.
മികച്ച താരമാണ് മെസ്സിയെന്നതില്‍ സംശയമില്ല. എന്നാല്‍, ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ നയിക്കാന്‍ പ്രാപ്തനല്ല. മെസ്സിയെ ഇപ്പോള്‍ സമ്മര്‍ദ്ദമില്ലാതെ വെറുതെ വിടുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.