അഭിപ്രായ സർവേയിൽ പരിഭ്രാന്തി, കോൺഗ്രസ്സ് ഹൈക്കമാന്റും ഞെട്ടി !

ദേശീയ മാധ്യമങ്ങളുടെ സര്‍വേഫലം കണ്ട് അമ്പരന്നിരിക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ്സ് ദേശീയനേതൃത്വം. കേരളം കൂടി കൈവിട്ടു പോയാല്‍ രാജ്യത്തെ കോണ്‍ഗ്രസ്സ് ആകെയാണ് ത്രിശങ്കുവിലാകുക. ഇത് മുന്നില്‍ കണ്ട് എന്തു വില കൊടുത്തും കേരള ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് ശക്തമായ ഇടപെടലുകളാണ് നടത്തിവന്നിരുന്നത്. രാഹുല്‍ ഗാന്ധി കടലില്‍ വരെ ചാടിയിട്ടും ഭരണം കിട്ടിയില്ലങ്കില്‍ അത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ദേശീയ തലത്തില്‍ തന്നെ വലിയ നാണക്കേടാകും. കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവും ഇതോടെ പ്രതിസന്ധിയിലാകും. സര്‍വേ നടത്തിയ എല്ലാ ദേശീയ മാധ്യമങ്ങളും ഭരണ തുടര്‍ച്ച പ്രവചിക്കുന്നതിനെ കേവലം ‘പി.ആര്‍’ വര്‍ക്കായി കണ്ട് അവഗണിക്കാന്‍  എന്തായാലും രാഹുല്‍ വിരുദ്ധര്‍ നിലവില്‍ തയ്യാറല്ല. കോണ്‍ഗ്രസ്സിനു തിരിച്ചടി നേരിട്ടാല്‍ പാര്‍ട്ടിക്കുള്ളില്‍ ചികിത്സ അനിവാര്യമാണെന്ന നിലപാടിലാണവര്‍. കെ.സി വേണുഗോപാലിനെയും ഈ വിഭാഗം ലക്ഷ്യമിടുന്നുണ്ട്.

കോണ്‍ഗ്രസ്സിനു തിരിച്ചടി നേരിട്ടാല്‍ സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും കെ.സിയും തെറിക്കും. സര്‍വേ നടത്തി പ്രധാന നേതാക്കളെ ‘വെട്ടിയ’ കെ.സിയുടെ തന്ത്രം കേരളത്തിലെ കോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ക്കും ദഹിച്ചിട്ടില്ല. ഭരണം കിട്ടിയില്ലങ്കില്‍ അവരും കെ.സിക്കെതിരെ രംഗത്തുവരാനാണ് സാധ്യത. ഇതിനേക്കാള്‍ എല്ലാം ഉപരി കോണ്‍ഗ്രസ്സ് ഭയക്കുന്നത് സീറ്റെണ്ണത്തില്‍ കോണ്‍ഗ്രസ്സ് ലീഗിനേക്കാള്‍ പിന്നിലായി പോകുമോ എന്നതാണ്. അങ്ങനെ സംഭവിച്ചാല്‍ പി.കെ കുഞ്ഞാലിക്കുട്ടിയാണ് പ്രതിപക്ഷ നേതാവാകുക. കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് അത്തരം സ്ഥാനാരോഹണം പുതിയ തുടക്കമാകും. ഇന്ത്യാ ടുഡേ സര്‍വേയിലെ പ്രവചനം ഫലിച്ചാല്‍ ഇത്തരമൊരു സാഹചര്യം തന്നെയാണുണ്ടാകുക.

ഇന്ത്യാ ടുഡേ- സി വോട്ടര്‍ സര്‍വേയാണ് സകലരെയും ഞെട്ടിച്ചിരിക്കുന്നത്. 104 മുതല്‍ 120 സീറ്റുകള്‍ വരെ നേടി ഇടതുമുന്നണി അധികാരത്തില്‍ വരുമെന്നാണ് ഇന്ത്യാടുഡേ പ്രവചിക്കുന്നത്. ഈ സര്‍വേ പ്രകാരം 20 മുതല്‍-36 സീറ്റുകള്‍ വരെ മാത്രമേ യുഡിഎഫിന് ലഭിക്കുകയുള്ളൂ. ബിജെപിക്ക് – 0-2 സീറ്റുകളും ലഭിച്ചേക്കും. റിപ്പബ്ലിക്ക് ടിവി-സിഎന്‍എക്‌സ് സര്‍വേയില്‍ ഇടതുപക്ഷം 72 മുതല്‍ 82 സീറ്റ് വരെ നേടി അധികാരത്തില്‍ വരുമെന്നാണ് പ്രവചിക്കുന്നത്. യുഡിഎഫിന് 58 മുതല്‍ 64 വരെ സീറ്റ് ലഭിക്കുമെന്നാണ് ഈ സര്‍വേയില്‍ പറയുന്നത്. എന്‍ഡിഎക്ക് 1 മുതല്‍ 5 വരെ സീറ്റിന് സാധ്യതയും അവര്‍ സൂചിപ്പിച്ചിട്ടുണ്ട്.

എന്‍ഡിടിവി സര്‍വേയില്‍ ഇടതുപക്ഷത്തിന് 88 സീറ്റുകളും യുഡിഎഫിന് 51 സീറ്റുകളുമാണ് പ്രവചിക്കുന്നത്. എന്‍ഡിഎക്ക് 2 സീറ്റും ഈ സര്‍വേയില്‍ പ്രവചിക്കുന്നുണ്ട്. എബിപി-സി വോട്ടര്‍ സര്‍വേയില്‍ ഇടതുപക്ഷത്തിന് 71 മുതല്‍ 77 വരെ സീറ്റും യുഡിഎഫ് 62 മുതല്‍ 68 വരെയും, എന്‍ഡിഏക്ക് 2 സീറ്റ് വരെയുമാണ് പ്രവചിച്ചിരിക്കുന്നത്. സിഎന്‍എന്‍ – ന്യൂസ് -18 സര്‍വേയില്‍ ഇടതുപക്ഷത്തിന് 72 മുതല്‍ 80 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. യുഡിഎഫിന് 58-മുതല്‍ 64 സീറ്റ് വരെയാണ് ലഭിക്കുക. എന്‍ഡിഎക്ക് 1 മുതല്‍ 5 സീറ്റുകള്‍ വരെ ലഭിക്കുമെന്നും ഈ സര്‍വേയില്‍ പ്രവചിക്കുന്നുണ്ട്.

ഭൂരിപക്ഷം മലയാള ചാനലുകളുടെ സര്‍വേകളിലും ഇടതുപക്ഷത്തിനു തന്നെയാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. വോട്ടെണ്ണുന്നതിന് തൊട്ട് മുന്‍പ് വന്ന ഈ സര്‍വേ റിപ്പോര്‍ട്ട് യു.ഡി.എഫ് അണികളെയും വലിയ തോതില്‍ നിരാശരാക്കിയിട്ടുണ്ട്. സര്‍വേയെ തള്ളി രംഗത്ത് വന്ന യു.ഡി.എഫ് നേതാക്കള്‍ക്കും ഉള്ളില്‍ ഇപ്പോള്‍ ചങ്കിടിപ്പാണ്. ഇത്തവണ ഭരണം ലഭിച്ചില്ലങ്കില്‍ മുന്നണി തന്നെ തകരുമെന്ന ഭീതിയിലാണ് നേതാക്കളെല്ലാം. അതേ സമയം ഇടതുപക്ഷ കേന്ദ്രങ്ങള്‍ ഇപ്പോള്‍ തന്നെ വലിയ ആവേശത്തിലാണ്. സര്‍വേ പ്രവചനം ഫലിക്കുമെന്ന കാര്യത്തില്‍ അവര്‍ക്കാര്‍ക്കും തന്നെ ഒരു സംശയവുമില്ല. കേരളം വീണ്ടും ചുവന്നാല്‍ ഉറപ്പായും അതും ഒരു ചരിത്രമാകും.

 

Top