ബാങ്കോക്ക്: പ്രതിവാര വാര്‍ത്താസമ്മേളനത്തിനിടെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരേ സാനിറ്റൈസര്‍ തളിച്ച തായ് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഒച്ച വിവാദത്തിലായി. മാധ്യമപ്രവര്‍ത്തകന്‍ ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്. രാജ്യത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കാബിനറ്റ് പുനസ്സംഘടനയുണ്ടാവുമോ എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതുകേട്ട് ക്ഷുഭിതനായ പ്രധാനമന്ത്രി, നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കൂ. നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും ചോദിക്കാനുണ്ടോ? എനിക്കൊന്നുമറിയില്ല- പ്രധാനമന്ത്രി മറുപടി നല്‍കി. പ്രധാനമന്ത്രി ആദ്യം അറിഞ്ഞിരിക്കേണ്ട ഒന്നല്ലേ ഇത് ? എന്നായി മാധ്യമപ്രവര്‍ത്തകന്റെ അടുത്ത ചോദ്യം.
ഇതില്‍ പ്രകോപിതനായ പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ അടുത്തേക്കെത്തിയ ശേഷം മുഖത്തേയ്ക്ക് സാനിറ്റൈസര്‍ തളിക്കുകയായിരുന്നു. നിങ്ങളുടെ കൊവിഡ് വാക്സിന്‍ ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം നല്‍കി. ആസ്ത്രേലിയയില്‍ ഉപയോഗിക്കുന്ന കൊവിഡ് വാക്സിനുകളെക്കുറിച്ച് ചോദ്യങ്ങളുണ്ടോ ? ഞങ്ങള്‍ക്ക് ഉത്തരങ്ങളുണ്ട്- പ്രയുത് പറഞ്ഞു. നേരത്തെയും നിരവധി വിവാദങ്ങളില്‍ അകപ്പെട്ടിട്ടുള്ള വ്യക്തിയാണ് മുന്‍ സൈനിക കമാന്‍ഡറായ പ്രയുത്. 2014ലെ സൈനിക അട്ടിമറിയ്ക്ക് നേതൃത്വം നല്‍കിയതും അദ്ദേഹമായിരുന്നു. മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതായും പ്രധാനമന്ത്രിക്കെതിരേ മുമ്പ് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.