ബീഹാറിലും മാദ്ധ്യമ പ്രവര്‍ത്തകനു നേരെ വെടിവെയ്പ്പ്

പാട്ന: ബീഹാറിലും മാദ്ധ്യമ പ്രവര്‍ത്തകനു നേരെ വെടിവെയ്പ്പ്.

മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഈ ആക്രമണവും. അക്രമികളുടെ വെടിവയ്പ്പില്‍ പരിക്കേറ്റ പങ്കജ് മിശ്രയെ പാട്‌ന മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബീഹാറീ പത്രമായ രാഷ്ട്രീയ സഹാരയിലെ പത്ര പ്രവര്‍ത്തകനാണ് ഇദ്ദേഹം.

സംഭവത്തിന് പിന്നില്‍ രണ്ടു പേരാണെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ കുന്തന്‍ മഹതോ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാങ്കില്‍ പണം അടയ്ക്കാന്‍ പോകുന്ന സമയമാണ് പങ്കജിന് നേരെ ആക്രമണമുണ്ടായത്.

ആക്രമികള്‍ ജനതാദള്‍ യുണൈറ്റഡ് എം.എല്‍.എ സത്യദേ സിംഗിന്റെ അനുയായികളാണെന്ന് പങ്കജ് മിശ്ര പറഞ്ഞു. എം.എല്‍.എയ്‌ക്കെതിരെ വാര്‍ത്ത എഴുതിയതിന്റെ പേരിലാണ് തനിക്കെതിരെ ആക്രമണമുണ്ടായതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

പൊലീസ് അറസ്റ്റ് ചെയ്ത കുന്തന്‍ മഹതോ എം.എല്‍.എയുടെ പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ മകനാണ്.

അതേസമയം അക്രമികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് എം.എല്‍.എ വ്യക്തമാക്കി.

Top