തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു കൊണ്ട് , സോളാര്‍ കേസിലെ സി.ബി.ഐയുടെ അതി നിര്‍ണ്ണായകമായ റിപ്പോര്‍ട്ട് മാധ്യമ സിന്‍ണ്ടിക്കേറ്റ് പുറത്തു വിട്ടു. ഇതോടെ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ ഇമാനുവലിന്റെ നേതൃത്വത്തിലുള്ള ഈ വാര്‍ത്താ മാധ്യമം പുറത്തു വിട്ട വാര്‍ത്തയ്ക്കു പിന്നാലെ പോവാന്‍ കേരളത്തിലെ മറ്റു മാധ്യമങ്ങളും നിര്‍ബന്ധിതമായിരിക്കുകയാണ്.
കേരളം അറിയാന്‍ ആഗ്രഹിച്ച, ശരിയാകരുതേ എന്ന് ഒരുപക്ഷേ പലരും പ്രാര്‍ത്ഥിച്ച ദുരന്തമായൊരു കേസിന്റെ പരിണാമമാണ് മാധ്യമ സിന്‍ണ്ടിക്കേറ്റ് തുറന്ന് കാട്ടിയിരിക്കുന്നത്. പുതുപ്പള്ളി തിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ ഈ റിപ്പോര്‍ട്ട് കൈവശം ലഭിച്ചെങ്കിലും, മാധ്യമ മര്യാദയെ കരുതി അത് വേണ്ടെന്ന് വച്ചാണ് , തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം സി.ബി.ഐ റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നാണ് മാധ്യമ സിന്‍ണ്ടിക്കേറ്റിന്റെ എഡിറ്റോറിയല്‍ വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്.പുതുപ്പള്ളിയിലെ ജനവിധിയെ സ്വാധീനിക്കാന്‍ പോന്ന ഒന്നാണ് ഇതെന്ന ഉറച്ച ബോധ്യത്തില്‍ ആയിരുന്നു ആ തീരുമാനമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിയെ ലൈംഗിക ആരോപണക്കേസില്‍ കുടുക്കാന്‍ നടന്ന അതിനീചമായ ഗൂഢാലോചനയുടെ സമഗ്രചിത്രത്തിനാണ് മാധ്യമ സിന്‍ണ്ടിക്കേറ്റ് ശനിയാഴ്ച തുടക്കമിട്ടിരിക്കുന്നത്. വ്യാജ തെളിവുകളും കള്ളസാക്ഷികളെയും സൃഷ്ടിച്ച് ഉമ്മന്‍ ചാണ്ടിയെ ഉന്മൂലനം ചെയ്യാന്‍ നടത്തിയ ചതി പ്രയോഗങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ സിബിഐ റിപ്പോര്‍ട്ടിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ആദ്യം പുറത്ത് വിട്ടത്. ബാക്കി ഭാഗങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടാനാണ് തീരുമാനം.
ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് വ്യക്തമാക്കി കൊണ്ട് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിബിഐ അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. അടുത്തയിടെയാണ് അത് അംഗീകരിച്ച് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടിരുന്നത്. ഈ അന്വേഷണത്തിനിടെ സിബിഐ കണ്ടെത്തിയ ഞെട്ടിക്കുന്ന ഗൂഢാലോചനയുടെ വിവരങ്ങള്‍ ആണ് ഇതാദ്യമായി മാധ്യമ സിന്‍ഡിക്കറ്റിലൂടെ പുറത്തുവന്നിരിക്കുന്നത്.പൊതു, രാഷ്ട്രീയ മണ്ഡലത്തിലെ പതിവ് ചേരിപ്പൊരുകള്‍ക്ക് അപ്പുറത്ത്, ഇത്ര നികൃഷ്ടമായ വിഷയങ്ങള്‍ ഉന്നയിച്ചുള്ള ഉന്മൂലന രാഷ്ടീയം പ്രയോഗിക്കുന്നതിന്റെ ആധുനിക കാലത്തെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കേസെന്നാണ് മാധ്യമ സിന്‍ണ്ടിക്കേറ്റ് ചൂണ്ടിക്കാട്ടുന്നത്.
ഇത്ര ഹീനമായ ഒരു ലൈംഗിക പീഡനക്കേസിലേക്ക് ഉമ്മന്‍ ചാണ്ടിയെ കൊണ്ടെത്തിച്ചത് സോളാര്‍ തട്ടിപ്പ് കേസുകളില്‍ പ്രതിയായ സ്ത്രീ ഒറ്റക്കല്ലന്നാണ് , രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്ത് വിട്ട് മാധ്യമ സിന്‍ണ്ടിക്കേറ്റ് ചൂണ്ടിക്കാട്ടുന്നത്. കേരളത്തിന്റെ പൊതു, രാഷ്ട്രീയ മണ്ഡലങ്ങളിലെ ഇടപാടുകളെക്കുറിച്ചും കക്ഷിരാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും സാമാന്യമായെങ്കിലും ധാരണയുള്ള മലയാളികള്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ചിലരുടെ ഇടപെടുകളാണ് അന്ന് 70 പിന്നിട്ട ഉമ്മന്‍ ചാണ്ടിയെ മരിക്കുവോളം തീരാതെ പുകഞ്ഞുകത്തിയ ഈ നാണക്കേടിന്റെ തീയിലേക്ക് തള്ളിയിട്ടതെന്നും , വാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍, ബന്ധു ശരണ്യ മനോജ് എന്നിവര്‍ക്കു പുറമേ, വിവാദ ദല്ലാളും ഉമ്മന്‍ ചാണ്ടിയെ കേസില്‍ കുടുക്കാനുള്ള ഗൂഡാലോചനയില്‍ പങ്കാളിയായെന്നാണ് സി.ബി.ഐ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ബന്ധു, കൊല്ലം സ്വദേശി. 2012ല്‍ സോളാര്‍ തട്ടിപ്പ് കേസില്‍ അതിജീവിത അറസ്റ്റിലായ ശേഷം ജയിലില്‍ നിന്ന് എഴുതിയ കത്തിന്റെ ആദ്യപ്രതി കൈക്കലാക്കുകയും പിന്നീട് ജയില്‍ മോചിതയായപ്പോള്‍ രണ്ടു മാസത്തോളം സ്വന്തം വീട്ടില്‍ പാര്‍പ്പിച്ചു നേതാക്കളുമായി വിലപേശലിന് അവസരം ഉണ്ടാക്കുകയും ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് അടുത്ത ദിവസങ്ങളില്‍ അതിജീവിതയെ അദ്ദേഹത്തിന് മുന്നില്‍ എത്തിച്ചവരെ പറ്റിയും സിബിഐ റിപ്പോര്‍ട്ടില്‍ തെളിവുണ്ട്.
ഈ പരാതി ലഭിച്ചതിനു ശേഷമാണ് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു മുന്നോട്ട് പോകുമെന്ന് 2017ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഉമ്മന്‍ ചാണ്ടിക്കെതിരെ സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ നടത്തിയ പരാമര്‍ശങ്ങളുടെ ചുവടുപിടിച്ച് ആയിരുന്നു ഈ പ്രഖ്യാപനം. എന്നാലത് നിയമപരമായി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി അരിജിത് പസായത് നിയമോപദേശം നല്‍കിയതോടെ തല്‍ക്കാലം ആ നീക്കം അവിടെ അവസാനിപ്പിച്ചെങ്കിലും, ബാഹ്യ പ്രേരണയില്‍ പരാതിക്കാരി വീണ്ടും രംഗത്ത് ഇറങ്ങിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.
സംസ്ഥാന പോലീസിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസഥരുടെ മേല്‍നോട്ടത്തില്‍ തലനാരിഴ കീറി പരിശോധിച്ചിട്ടു പോലും, ഈ പരാതിയില്‍ തെളിവ് കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് കേസ് സിബിഐക്ക് വിട്ടിരുന്നത്. അങ്ങനെ ലൈംഗിക പീഡനക്കേസില്‍ പ്രതിയായ ഉമ്മന്‍ ചാണ്ടി, കുറ്റവിമുക്തനാകും മുന്‍പ് തന്നെയാണ് മരണപ്പെട്ടിരുന്നത്. 2022 ഡിസംബറില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്, തന്നെ കുറ്റവിമുക്തന്‍ ആക്കുന്നതാണെന്ന് മാത്രം മരിക്കും മുന്‍പ് അദ്ദേഹത്തിന് അറിയാന്‍ കഴിഞ്ഞിരുന്നു.
നിയമത്തിന് പുറത്ത് കേസില്‍ നടന്ന ഇടപെടലുകള്‍. അതിന് ചുക്കാന്‍ പിടിച്ച ആളെന്ന നിലയില്‍ സിബിഐ അടയാളപ്പെടുത്തിയിരിക്കുന്ന പേരാണ് സി മനോജ് കുമാര്‍ എന്നാണ് മാധ്യമ സിന്‍ണ്ടിക്കേറ്റ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. സോളാര്‍ തട്ടിപ്പ് കേസില്‍ 2012ല്‍ അതിജീവിത അറസ്റ്റിലാകുമ്പോള്‍, അവരുമായി വ്യക്തിബന്ധം ഉണ്ടായിരുന്ന പ്രമുഖ നേതാവ് തന്നോട് എല്ലാം തുറന്നു പറഞ്ഞ് സഹായം തേടിയെന്നും. ജയിലില്‍ കിടന്ന് അതിജീവിത കത്ത് എഴുതുന്ന വിവരം അറിഞ്ഞപ്പോള്‍ ആയിരുന്നു അതെന്നുമാണ് മനോജ് പറഞ്ഞ മൊഴിയിലുള്ളത്. തുടര്‍ന്ന് അവരുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനെ സ്വാധീനിച്ച് ഇടപാട് ഉറപ്പിക്കുകയായിരുന്നുവത്രെ.
പിന്നീട് ഗണേഷ് കുമാറിന്റെ സന്തത സഹചാരിയായ ബി പ്രദീപ് കുമാര്‍ എന്ന കോട്ടയത്തല പ്രദീപിനെ പത്തനംതിട്ട ജയിലില്‍ അയച്ച് കത്ത് കൈക്കലാക്കുകയും ചെയ്തു. തുടര്‍ന്ന് അത് നേതാവിന്റെ അച്ഛനെയാണ് ഭദ്രമായി ഏല്‍പ്പിച്ചിരുന്നത്. തട്ടിപ്പ് കേസില്‍ അതിജീവിത ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ നേരെ കൂട്ടിക്കൊണ്ടു വന്ന് രണ്ടു മാസത്തോളം തന്റെ വീട്ടില്‍ പാര്‍പ്പിച്ചു, നേതാക്കളുമായെല്ലാം വിലപേശലിന് അവസരം ഉണ്ടാക്കിയതായും സി.ബി.ഐക്കു ലഭിച്ച നിര്‍ണ്ണായക മൊഴിയിലുണ്ട്..
സോളാര്‍ വിഷയത്തില്‍ അക്കാലത്ത് പ്രതിസ്ഥാനത്ത് നിന്ന മന്ത്രിമാര്‍ അടക്കം നേതാക്കളെ ഈ വ്യക്തിയുടെ ഫോണില്‍ നിന്ന് വിളിച്ച് സംസാരിക്കാന്‍ സാഹചര്യം ഉണ്ടാക്കി എന്നാണ് അതിജീവിത സിബിഐ ക്ക് നല്‍കിയ മൊഴിയിലും പറയുന്നത്. ഒരു ഘട്ടം എത്തിയപ്പോള്‍ താന്‍ വഞ്ചിക്കപ്പെടുകയാണ് എന്ന് തോന്നിയെന്നും തുടര്‍ന്നാണ് നേരത്തെ എഴുതിയ കത്ത് മറ്റൊരു വഴിക്ക് പുറത്തു വിടാന്‍ തീരുമാനിച്ചത് എന്നും അവര്‍പറയുന്നുണ്ട്. ഇതില്‍ കുറച്ച് കാര്യങ്ങള്‍ രണ്ടുവര്‍ഷം മുന്‍പ് കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറെടുത്ത കാലത്ത് ശരണ്യ മനോജ് പരസ്യമായി പറഞ്ഞെങ്കിലും, പറയാതെ വിട്ടവയില്‍ ഏറിയ പങ്കും ഒടുവില്‍ സിബിഐക്ക് മുന്നില്‍ എറ്റ് പറയേണ്ടി വന്നിരിക്കുകയാണെന്നാണ് മാധ്യമ സിന്‍ണ്ടിക്കേറ്റ് ചൂണ്ടിക്കാട്ടുന്നത്. ദല്ലാള്‍ ഒത്തുള്ള ഗൂഢാലോചന അടക്കം പലതും അങ്ങനെയാണ് ഈ റിപ്പോര്‍ട്ടിലൂടെ പുറത്തു വരാന്‍ വഴിയുണ്ടായിരിക്കുന്നത്.
പിന്നീട് ആ കത്തിന് എന്ത് സംഭവിച്ചു, ഏതെല്ലാം കൈമറിഞ്ഞു, അതിന്റെ പേരില്‍ എത്ര ലക്ഷങ്ങളുടെ ഇടപാട് നടന്നു തുടങ്ങി എല്ലാ വിവരങ്ങളും അടുത്ത ഘട്ടത്തില്‍ മാധ്യമ സിന്‍ഡിക്കറ്റ് പുറത്തുവിടുമെന്നാണ് എഡിറ്റോറിയല്‍ വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച സി.ബി.ഐ റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം പുറത്ത് വിട്ടതോടെ, മാധ്യമ സിന്‍ണ്ടിക്കേറ്റെന്ന പുതിയ ഈ മാധ്യമ കൂട്ടായ്മയെ ഫോളോ ചെയ്യേണ്ട ഗതികേടിലാണിപ്പോള്‍ മറ്റു മുഖ്യധാരാ മാധ്യമങ്ങള്‍. ചിങ്ങം ഒന്നിന് പ്രവര്‍ത്തനം ആരംഭിച്ച മാധ്യമ സിന്‍ണ്ടിക്കേറ്റ് , അവരുടെ അരങ്ങേറ്റം തന്നെ ഗംഭീരമാക്കിയിരിക്കുകയാണ്. (വീഡിയോ കാണുക )