Mediapersons come under attack in Palakkad

പാലക്കാട്: ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പരിസരത്തുവച്ച് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒളിവില്‍.

മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് മാധ്യമ പ്രവര്‍ത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് വ്യക്തമാക്കി. ഇവര്‍ മൂവരും ഇപ്പോള്‍ ഒളിവിലാണ്.

വട്ടിയൂര്‍കാവ് സ്വദേശിയായ വിഷ്ണുവുള്‍പ്പെടെ മൂന്നു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ചെര്‍പ്പുളശേരി എഴുവന്തലയില്‍ നടന്ന സിപിഎം – ബിജെപി സംഘര്‍ഷവുമായി ബന്ധപ്പെട്ട് റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുവന്ന ബിജെപി പ്രവര്‍ത്തകരുടെ ചിത്രം കാമറയില്‍ പകര്‍ത്തുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടായത്.

ഏഷ്യനെറ്റിലെ ശ്യാംകുമാര്‍, മാതൃഭൂമിയുടെ വി. അനൂപ്, റിപ്പോര്‍ട്ടര്‍ ചാനലിലെ ശ്രീജിത് ശ്രീകുമാര്‍ എന്നീ മാധ്യമപ്രവര്‍ത്തകരെയാണ് പ്രതികള്‍ക്കൊപ്പം വന്ന സംഘം ആക്രമിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തത്.

പോലീസ് വാഹനത്തിനു പകരം സ്വകാര്യ വാഹനത്തിലാണ് പ്രതികളെ പോലീസ് കോടതിയിലെത്തിച്ചത്. ഈ വാഹനത്തോടൊപ്പം മുന്നില്‍ രണ്ടു ബൈക്കുകളിലും പിന്നില്‍ മറ്റൊരു വാഹനത്തിലുമായി വന്ന സംഘത്തില്‍ ഉള്‍പ്പെട്ട ചിലരാണ് മാധ്യമ പ്രവര്‍ത്തകരെ യാതൊരുവിധ പ്രകോപനവുമില്ലാതെ ആക്രമിച്ചത്.

പ്രതികളെ പോലീസ് കോടതിയിലേക്ക് നടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് സംഘടിതമായി ചോദ്യം ചെയ്യുകയും തടയുകയും ആക്രമിക്കുകയും ചെയ്തത്.

ബഹളംകേട്ട് കോടതിയില്‍നിന്നും പോലീസ് ഉള്‍പ്പെടെയുള്ളവര്‍ എത്തുമ്പോഴേക്കും അക്രമിസംഘത്തില്‍പ്പെട്ട ചിലര്‍ കോടതിവളപ്പിലേക്കു രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് ഒറ്റപ്പാലം എസ്‌ഐ ആര്‍.ആര്‍.റബീഷിന്റെ നേതൃത്വത്തില്‍ പോലീസെത്തിയാണ് പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിച്ചത്.

Top