സർവ്വേകൾ പൊടിപൊടിക്കുന്നു, പിന്നിൽ ഹിഡൻ അജണ്ടയെന്ന് ആരോപണം

ല്ലാ സര്‍വ്വേകള്‍ക്ക് പിന്നിലും ഉണ്ട് ഒരു മാധ്യമ അജണ്ട. അത് ഏത് മാധ്യമമായാലും പിന്നില്‍ ചില താല്‍പ്പര്യങ്ങളുണ്ട്. ഒരു താല്‍പ്പര്യവും ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് സര്‍വ്വേകള്‍ നടത്തുന്നത് എന്ന ചോദ്യവും പ്രസക്തമാണ്. വോട്ടര്‍മാര്‍ തീരുമാനിക്കേണ്ടത് മുന്‍കൂട്ടി മാധ്യമങ്ങള്‍ പുറത്ത് വിടുന്ന ഈ രീതി തന്നെയാണ് ആദ്യം മാറ്റേണ്ടത്. ഇവിടെയാണ് നിയമം കൊണ്ടുവരേണ്ടത്. അഭിപ്രായ സര്‍വേകള്‍ക്ക് മേല്‍ റെഡ് സിഗ്‌നല്‍ അനിവാര്യം തന്നെയാണ്.

ഏതെങ്കിലും ഒരു മാധ്യമ സ്ഥാപനത്തെയല്ല സര്‍വേ നടത്തുന്ന എല്ലാ മാധ്യമ സ്ഥാപനങ്ങളെയും സംശയത്തോടെ മാത്രമേ കാണാന്‍ സാധിക്കൂ.പുറത്തുവന്ന ഒരു സര്‍വ്വേയുടെയും ആധികാരികത ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇത്ര പേര്‍, ഇത്ര ശതമാനം എന്നൊക്കെ പറയുകയല്ലാതെ ഒന്നിനും ഒരു അടിസ്ഥാനവുമില്ല. ഒരു ലാപ്‌ടോപ്പ് വച്ച് എവിടെയോ ഇരുന്ന് തയ്യാറാക്കി അവതരിപ്പിക്കുന്ന വിലയേ ഈ സര്‍വേകള്‍ക്കൊക്കെ കൊടുക്കേണ്ടതുള്ളു. അഥവാ ഏതെങ്കിലും സര്‍വേ ഫലം യഥാര്‍ത്ഥ ഫലവുമായി ഗതികേടിന് ഒത്തു വന്നാല്‍ പിന്നെ അവകാശവാദം ഉന്നയിച്ച് റേറ്റിങ് ഉയര്‍ത്താനാവും ഈ മാധ്യമങ്ങളുടെ ശ്രമം.

ഇവിടെ നാം പരിശോധിക്കേണ്ടത് മാധ്യമങ്ങളുടെ രാഷ്ട്രീയവും താല്‍പ്പര്യങ്ങളുമാണ്. സര്‍വേ നടത്തുന്നത് സ്വകാര്യ ടീമാണെങ്കിലും ഫലം പുറത്ത് വിടുന്ന മാധ്യമത്തിന്റെ വിശ്വാസ്യതയിലാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ കണ്ണ്.എല്ലാ മാധ്യമ മുതലാളിമാര്‍ക്കും അവരുടേതായ താല്‍പ്പര്യങ്ങള്‍ ഉണ്ട്. അത് ഇപ്പോള്‍ തുടങ്ങിയതല്ല, പരമ്പരാഗതമായി ഉള്ളത് തന്നെയാണ്. ഇക്കാര്യത്തില്‍ സര്‍വേകള്‍ നടത്തുന്ന മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം ഏതൊരു മാധ്യമത്തിന്റെയും പോളിസി തീരുമാനിക്കുന്നത് ആത്യന്തികമായി ഉടമകളോ, അവര്‍ ചുമതലപ്പെടുത്തുന്നവരോ മാത്രമാണ്. നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

നവ മാധ്യമങ്ങളുടെ കൂടി കടന്ന് വരവോടെ ക്ഷീണത്തിലായ മുഖ്യധാര മാധ്യമങ്ങള്‍ കളം തിരിച്ചു പിടിക്കുന്നതിനും സര്‍വ്വേകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അവതരിപ്പിച്ചത് ശാസ്ത്രീയ സര്‍വേ റിപ്പോര്‍ട്ടാണോ രാഷ്ട്രിയ സര്‍വേ റിപ്പോര്‍ട്ടാണോ എന്നതാണ് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.പറഞ്ഞത് അബദ്ധമായാല്‍ തല ഊരുന്നതിനായാണ് ഇനിയും ഇതില്‍ മാറ്റം വരാന്‍ സാധ്യത ഉണ്ടെന്നൊക്കെ പറയുന്നത്.

ഏഷ്യാനെറ്റ് നടത്തിയ സര്‍വേ വിലയിരുത്തിയ ആ മാധ്യമ സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ പല കണ്ടെത്തലുകളും അവിശ്വസിനീയമെന്നാണ് അഭിപ്രായപ്പെട്ടത്. സ്വന്തം ചാനലിലെ മാധ്യമ പ്രവര്‍ത്തകര്‍ പോലും വിശ്വാസിക്കാത്തത് പൊതു സമൂഹം വിശ്വസിക്കണമെന്ന് പറയുന്നതിലെ യുക്തി എന്താണ് ഏഷ്യാനെറ്റേ? കേരളത്തില്‍ ഇടതുപക്ഷവും യു.ഡി.എഫും തമ്മില്‍ 10-11 ശതമാനം വോട്ട് വ്യത്യാസം ഒരു മണ്ഡലത്തിലും ഇല്ല. അങ്ങനെ സ്ഥാപിക്കുന്നതിനു പിന്നിലും വ്യക്തമായ രാഷ്ട്രീയമാണ് ഉള്ളത്.

വോട്ട് ചെയ്യാന്‍ പോകുന്നവര്‍ക്കിടയില്‍ ഇടതുപക്ഷം മുങ്ങുന്ന കപ്പലാണ് എന്ന പ്രതീതി ഉണ്ടാക്കി ജനഹിതം അട്ടിമറിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. മാധ്യമ വാര്‍ത്തകളെ ഗൗരവമായി എടുക്കുന്ന ജനവിഭാഗത്തെ നോട്ടമിട്ടുള്ള ഈ നീക്കം ജനാധിപത്യവിരുദ്ധമാണ്.

മാധ്യമങ്ങള്‍ തട്ടിക്കൂട്ട് സര്‍വേയല്ല നടത്തേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളുടെ നന്‍മയും തിന്‍മയും പുറത്ത് കൊണ്ടുവരികയാണ് ചെയ്യേണ്ടത്. സ്ഥാനാര്‍ത്ഥികളുടെ കഴിവും തിരഞ്ഞെടുപ്പ് പ്രകടനപത്രികയുമാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

സര്‍വ്വേ ഫലം വരുമ്പോള്‍ മറ്റു വിഷയങ്ങളെല്ലാം അപ്രസക്തമാക്കപ്പെടുകയാണ് ചെയ്യുന്നത്. ആധുനിക രീതിയില്‍ മനുഷ്യ മനസ്സിനെ സ്വാധീനിക്കാനുള്ള തന്ത്രപരമായ നീക്കമാണിത്. വലിയ തരംഗം പ്രവചിക്കുമ്പോള്‍ സ്വാഭാവികമായും ഇനി ശ്രമിച്ചിട്ട് കാര്യമില്ലെന്ന മനസ്സ് ബോധപൂര്‍വ്വം ഉല്‍പ്പാദിപ്പിക്കപ്പെടും എന്ന് ഈ മാധ്യമ മുതലാളിമാര്‍ കണക്ക് കൂട്ടുന്നു. ഇതിനായി അവര്‍ക്ക് ലഭിക്കുന്ന നേട്ടം കേവലം റേറ്റിങ് മാത്രമാണോ അതോ അതിനും അപ്പുറം വല്ല പാരിതോഷികങ്ങളും ഉണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ട കാര്യം തന്നെയാണ്.

Express Kerala View

Top