അയോധ്യ കേസ്: മധ്യസ്ഥ ചര്‍ച്ചയ്ക്ക് സമയം നീട്ടി നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ മധ്യസ്ഥസമിതിക്ക് ചര്‍ച്ചകള്‍ക്കായി ഓഗസ്റ്റ് 15 വരെ സമയം നീട്ടി നല്‍കി സുപ്രീം കോടതി.മധ്യസ്ഥതയുടെ പുരോഗതി കോടതി വിലയിരുത്തി. മധ്യസ്ഥ ചര്‍ച്ച വെട്ടിച്ചുരുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസ് എഫ്.എം.ഐ. ഖലീഫുള്ള അധ്യക്ഷനായ സമിതിയാണ് മധ്യസ്ഥ ചര്‍ച്ച നടത്തുന്നത്.

സമിതി കോടതിക്ക് മുന്നില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്കായി ഇനിയും കൂടുതല്‍ സമയം വേണമെന്ന് സമിതി ആവശ്യപ്പെട്ടത് കോടതി അതേപടി അംഗീകരിക്കുകയായിരുന്നു. ഇതുവരെയുള്ള ചര്‍ച്ചയില്‍ എന്ത് പുരോഗതിയാണ് ഉണ്ടായതെന്ന കാര്യം പറയാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. അത് രഹസ്യാത്മകമാണെന്നും അദ്ദേഹം പറഞ്ഞു.

റംസാന്‍ മാസം ആയതിനാല്‍ ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നില്ല. ജൂണില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കും എന്ന് മധ്യസ്ഥ സമിതി കോടതിയെ അറിയിച്ചു.

മധ്യസ്ഥ ചര്‍ച്ചയില്‍ സഹകരിക്കുന്നുണ്ട് എന്ന് മുസ്ളീം – ഹിന്ദു സംഘടനകള്‍ കോടതിയെ അറിയിച്ചു. മാര്‍ച്ച് 8ന് മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഭരണ ഘടനാ ബഞ്ച് ഉത്തരവിട്ട ശേഷം ഇത് ആദ്യമായാണ് കേസ് കോടതിയുടെ പരിഗണനയില്‍ വന്നത്. സമയം നീട്ടി നല്‍കിയത് മൂലം ലോക്സഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ വിഷയം സജീവമാകാനുള്ള സാധ്യതകളും ഇതോടെ കുറഞ്ഞു

Top