ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ്‌സുകള്‍ക്കായുള്ള പ്രവേശനത്തിനായി നടത്തുന്ന കേന്ദ്രീകൃത കൗണ്‍സിലിംഗിന് എതിരെ കേരളത്തിലെ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്രീകൃത കൗണ്‍സിലിംഗ് മാനേജുമെന്റുകളുടെ ഭരണഘടനാപരമായ മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേരളത്തില്‍ നടത്തുന്ന സ്പോട്ട് അഡ്മിഷനെയും മാനേജ്മെന്റുകള്‍ ചോദ്യം ചെയ്തിട്ടുണ്ട്.
ടി എം എ പൈ, ഇസ്ലാമിക് അക്കാദമി, ഇനാംദാര്‍ കേസുകളില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധികള്‍ക്കെതിരാണ് കേന്ദ്രീകൃത കൗണ്‍സിലിംഗ് എന്നാണ് മാനേജ്‌മെന്റുകളുടെ വാദം. വിദ്യാര്‍ത്ഥി പ്രവേശനത്തിനുള്ള മാനേജ്‌മെന്റുകളുടെ അധികാരം പൂര്‍ണ്ണമായും നിഷേധിക്കപ്പെടുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയം ഭരണ അവകാശം കവര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണസ്ഥാപനങ്ങളായി മാറ്റുകയാണ് കേന്ദ്രീകൃത കൗണ്‍സിലിംഗിലൂടെ നടക്കുന്നത്. മാനേജ്‌മെന്റുകള്‍ അനുവദിക്കാത്ത പക്ഷം സര്‍ക്കാര്‍ ക്വാട്ട പാടില്ല എന്നതാണ് കീഴ്വഴക്കമെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കക്ഷി ചേരല്‍ അപേക്ഷയില്‍ മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.