കൊച്ചി: മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളും സര്‍ക്കാരും തമ്മില്‍ ഇന്ന് നടന്ന ആദ്യഘട്ട ചര്‍ച്ചയില്‍ തീരുമാനമായില്ല. എന്നാല്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച ചില നിര്‍ദേശങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു.
ചില ഉപാധികള്‍ പരിഗണിക്കാവുന്നതാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏകീകൃത ഫീസ്, പ്രവേശനാധികാരം എന്നിവയില്‍ കോടതി വിധി തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് മാനേജ്‌മെന്റുകളുടെ വാദം. അതുകൊണ്ട് തന്നെ 50 ശതമാനം സീറ്റുകളില്‍ മുന്‍ വര്‍ഷങ്ങളിലെ പോലെയുളള ആനുകൂല്യത്തോടെ വിട്ടുനല്‍കണമെന്നും മാനേജ്‌മെന്റുകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഏകീകൃത ഫീസ് അംഗീകരിക്കില്ലെന്നും 50 ശതമാനം സീറ്റുകളില്‍ മുന്‍വര്‍ഷങ്ങളിലെ സമ്പ്രദായം തുടരണമെന്നുമുളള നിലപാടിലുറച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും 50 ശതമാനം മെറിറ്റ് സീറ്റെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുന്നതായും ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി അറിയിച്ചു.ധാരണയുണ്ടാക്കി എത്രയും പെട്ടന്ന് അലോട്ട്‌മെന്റിലേക്ക് പോകാനാണ് സര്‍ക്കാരും മാനേജ്‌മെന്റുകളും ആഗ്രഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.