തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനത്തില്‍ പ്രതിസന്ധിയുണ്ടെന്നും അക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു വി എസ് ശിവകുമാര്‍ നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.
സര്‍ക്കാര്‍ മേഖലയില്‍ ഉള്‍പ്പെടെ ആയിരത്തിലധികം സീറ്റുകള്‍ നഷ്ടപ്പെടുമെന്ന് നോട്ടീസില്‍ ശിവകുമാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പിടിപ്പുകേടുകൊണ്ടാണ് സംസ്ഥാനത്തു മെഡിക്കല്‍ സീറ്റുകള്‍ നഷ്ടപ്പെട്ടതെന്നും ഈ സര്‍ക്കാരിന്റെ കാലത്ത് സീറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും നോട്ടീസിനു മറുപടിയായി ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
അതേസമയം, യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പരാജയമായിരുന്നെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മദ്യനിരോധനത്തെത്തുടര്‍ന്ന് സംസ്ഥാനത്തു മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ഉപയോഗം കൂടിയെന്നും മന്ത്രി നിയമസഭയില്‍ ചോദ്യോത്തോരവേളയില്‍ പറഞ്ഞു.
യുഡിഎഫിന്റെ മദ്യനയം യാഥാര്‍ഥ്യ ബോധ്യമില്ലാതിരുന്നതാണെന്നും മദ്യവര്‍ജനമാണ് എല്‍ഡിഎഫിന്റെ നയമെന്നും മന്ത്രി പറഞ്ഞു.