തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലായതിനെതിരെ മാനേജ്‌മെന്റുകള്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മാനേജ്‌മെന്റ് അസോസിയേഷന്‍ ഹര്‍ജി നല്‍കും. വ്യക്തിഗത മാനേജ്‌മെന്റുകളും ഇതേ നിലപാടിലാണ്.
സര്‍ക്കാര്‍ ഭരണഘടന അവകാശങ്ങള്‍ ലംഘിച്ചുവെന്ന് മാനേജ്‌മെന്റുകള്‍ ആരോപിച്ചു. ഉറപ്പു ലംഘിച്ച സര്‍ക്കാരിനെ വിശ്വസിക്കാനാകില്ലെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്.
സ്വാശ്രയ കോളജുകളിലെയും കല്‍പ്പിത സര്‍വകലാശാലകളിലെയും മുഴുവന്‍ എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുമുള്ള പ്രവേശനങ്ങളും സര്‍ക്കാര്‍ നേരിട്ടു നടത്തുമെന്നു പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്നലെയാണ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്.
മാനേജ്‌മെന്റ്, എന്‍ആര്‍ഐ ക്വോട്ടയിലെ സീറ്റുകളിലും മെരിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രവേശനം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
സ്വാശ്രയ മെഡിക്കല്‍-ഡെന്റല്‍ കോളജുകളും കല്‍പ്പിത സര്‍വകലാശാലകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവന്‍ സീറ്റുകളിലെയും പ്രവേശനമാണു സര്‍ക്കാര്‍ ഏറ്റെടുത്തത്.
പ്രവേശനം, സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ചു സര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരമെന്നു ചൂണ്ടിക്കാട്ടി മാനേജ്‌മെന്റുകള്‍ രംഗത്തെത്തിയിരുന്നു.