തിരുവനന്തപുരം: ജനങ്ങളെ വെറുപ്പിച്ചുള്ള സമര രീതികള്‍ പാടില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) നേതൃത്വം. രോഗികളെ ബുദ്ധിമുട്ടിക്കുന്നത് ജനങ്ങളെ എതിരാക്കുമെന്നും ഐ.എം.എ. സെക്രട്ടറി ഡോ.സുള്‍ഫി പറഞ്ഞു.
തിരുവനന്തപുരത്ത് പരിശോധിക്കുന്നതിനിടെ ഡോക്ടറെ നിര്‍ബന്ധിച്ച് സമരത്തിനിറക്കിയതായുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഐ.എം.എ. ഇന്ന് രാജ്യവ്യാപകമായി നടത്തുന്ന മെഡിക്കല്‍ ബന്ദിനെ തുടര്‍ന്ന് രോഗികളോട് ക്രൂര അവഗണനയാണ് ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായത്.
പനിപിടിച്ച് അവശയായ രോഗി കരഞ്ഞുപറഞ്ഞിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപമുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് സംഭവം.
അതേസമയം, പ്രതീകാത്മക സമരത്തിനുശേഷം സര്‍ക്കാര്‍ ആശുപത്രികള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ആരും ജോലിക്കെത്തിയിട്ടില്ല. രാവിലെ മുതല്‍ ബുക്കിങ്ങിനായി വിളിക്കുന്നവരോട് ഡോക്ടര്‍മാരില്ലെന്ന മറുപടിയാണ് ജീവനക്കാര്‍ നല്‍കുന്നത്. സ്വകാര്യ ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.