മെഡിക്കല്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു ; ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

Loksabha

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു. മെഡിക്കല്‍ ബില്‍ ഇന്ന് ചര്‍ച്ചയ്‌ക്കെടുക്കില്ല. ബജറ്റ് സമ്മേളനത്തിന് മുമ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സ്പീക്കര്‍ അറിയിച്ചു.

ഇതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) രാജ്യവ്യാപകമായി നടത്തിവന്ന ബന്ദാണ് മെഡിക്കല്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടതിനെ തുടര്‍ന്ന് അവസാനിപ്പിച്ചത്.

ഹോമിയോപ്പതി, ആയുര്‍വേദം എന്നിവ ഉള്‍പ്പടെയുള്ളവയില്‍ ബിരുദമുള്ളവര്‍ക്ക് അലോപ്പതി പരിശീലിനത്തിന് അവസരം നല്‍കാന്‍ പ്രത്യേക ‘ബ്രിജ് കോഴ്‌സ്’ ആരംഭിക്കാനാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) ബില്ലിലുള്ള വ്യവസ്ഥ. ആയുര്‍വേദം, യോഗാപ്രകൃതി ചികില്‍സ, യുനാനി, സിദ്ധ തുടങ്ങിയവയാണ് ഇന്ത്യന്‍ മെഡിസിന്‍ കൗണ്‍സിലിനു കീഴില്‍ വരുന്ന ചികില്‍സാവിധികള്‍.

എന്നാല്‍, എംബിബിഎസ് ബിരുദം ഇല്ലാത്തവര്‍ക്കു മെഡിക്കല്‍ പ്രാക്ടീസിന് അവസരം നല്‍കാനുള്ള നീക്കം കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പറയുന്നു. വ്യാജ വൈദ്യത്തിനു നിയമപരിരക്ഷ നല്‍കാനാണു ബില്ലെന്നും അവര്‍ ആരോപിക്കുന്നു.

Top