തിരുവനന്തപുരം: സംസ്ഥാനത്തെ ചില പ്രമുഖ ബിജെപി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന മെഡിക്കല്‍ കോളേജ് കോഴ ഇടപാടില്‍ ബിജെപി കേന്ദ്ര നേതാക്കള്‍ക്കും പങ്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
ആരോപണത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തി സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളേജിന് അംഗീകാരം വാങ്ങിക്കൊടുക്കുന്നതിനും കൂടുതല്‍ എംബിബിഎസ് സീറ്റുകള്‍ തരപ്പെടുത്തിക്കൊടുക്കുന്നതിനും ബിജെപി നേതാക്കള്‍ക്കു കോടികള്‍ നല്‍കി എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഇതു സംബന്ധിച്ച് ബിജെപി തന്നെയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കേന്ദ്രത്തിലെ ഭരണത്തിന്റെ മറവില്‍ സംസ്ഥാനത്ത് ബിജെപി നേതാക്കള്‍ നടത്തുന്ന വ്യാപകമായ അഴിമതിയാണ് ഇതുവഴി പുറത്ത് വരുന്നത്.
മുമ്പു ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ പെട്രോള്‍ പമ്പുകള്‍ക്കു സംഘടിപ്പിക്കുന്നതിന്റെ പേരില്‍ കോടികളുടെ അഴിമതി നടത്തിയിരുന്നു. ബിജെപിയുടെ യഥാര്‍ഥ മുഖമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.