മെഡിക്കല്‍ കോഴ ; സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: ബി ജെ പി നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ള മെഡിക്കല്‍ കോളേജ് കോഴ സുപ്രീംകോടതിയിലെ സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേന്ദ്രം ഭരിക്കുന്നത് ബിജെപി ആയതുകൊണ്ട് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഫലപ്രദമാകില്ലെന്നും, അതിനാല്‍, സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കേന്ദ്രത്തില്‍ നടക്കുന്ന അഴിമതിയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും, കേന്ദ്ര ആരോഗ്യമന്ത്രിക്കും ബിജെപി നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

ദേശീയ തലത്തില്‍ 1000 കോടിരൂപയുടെ അഴിമതി നടന്നെന്ന് അനുമാനിക്കാവുന്ന തരത്തിലുള്ള രേഖകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി നേതാക്കള്‍ ഇടനിലക്കാരായി നിന്ന് ഓരോ മെഡിക്കല്‍ കോളേജിനും 13.5 കോടി രൂപവീതമാണ് കോഴവാങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തില്‍ ഒരു സീറ്റ് ബിജെപിക്ക് ലഭിക്കുമ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ കൂടുതല്‍ സീറ്റ് കിട്ടിയാല്‍ സംസ്ഥാനത്തെ തീറെഴുതിക്കൊടുക്കാനും ബിജെപി മടിക്കില്ല. മൂന്ന് വര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Top