മെഡിക്കല്‍ കോളേജ് പീഡനം: ജീവനക്കാരെ തിരിച്ചെടുത്ത നടപടി പിന്‍വലിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയുവില്‍ രോഗിയെ പീഡിപ്പിച്ച സംഭവത്തില്‍, അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരെ തിരിച്ചെടുത്ത നടപടി റദ്ദാക്കി. ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ മല്ലികാ ഗോപിനാഥ് വ്യക്തമാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് ജീവനക്കാരെ തിരിച്ചെടുത്ത നടപടി റദ്ദാക്കിയത്. ജീവനക്കാരെ തിരിച്ചെടുത്ത നടപടി പരിശോധിക്കാന്‍ ആരോഗ്യമന്ത്രി ഡിഎംഇക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

ആശുപത്രിയില്‍ ജീവനക്കാരുടെ കുറവാണെന്ന കാരണംപറഞ്ഞ് കഴിഞ്ഞയാഴ്ചയാണ് ഇവരെ ജോലിയില്‍ തിരിച്ചെടുത്തത്. ഇത് വിവാദമായതോടെയാണ് ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചത്. ജീവനക്കാരെ തിരിച്ചെടുത്തത് ആരോഗ്യവകുപ്പ് അറിയാതെയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് പറഞ്ഞിരുന്നു.

തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി കൊടുക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ജോലിക്ക് തിരിച്ചെടുത്ത തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്ന് ഡി.എം.ഒ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടത്.

തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്ന യുവതിയെ ആശുപത്രി അറ്റന്‍ഡര്‍ വടകര മയ്യന്നൂര്‍ സ്വദേശിയായ ശശീന്ദ്രനാണ് ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് 18-ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ശശീന്ദ്രനെ അറസ്റ്റുചെയ്തെങ്കിലും ഇയാള്‍ക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അഞ്ച് വനിതാ അറ്റന്‍ര്‍മാര്‍ അതിജീവിതയെ സമീപിച്ചത്. എന്നാല്‍, യുവതി നല്‍കിയ പരാതിയില്‍ ഇവരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെയുളള ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് കാണിച്ചാണ് കഴിഞ്ഞദിവസം മെഡി.കോളേജ് പ്രിന്‍സിപ്പള്‍ അഞ്ചുപേരെയും സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചത്.

 

 

 

Top