മെഡിക്കല്‍ കോളജ് വിഷയം; നിലവിലുള്ളത് അസാധാരണ സാഹചര്യമെന്ന് പി.ശ്രീരാമകൃഷ്ണന്‍

sreeramakrishnan

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ടു നിലവിലുള്ളത് അസാധാരണ സാഹചര്യമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. വിഷയത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാരിന്റെ സാധ്യതകള്‍ അടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ ക്രമവിരുദ്ധമായി പ്രവേശനം നേടിയ വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിയമ നിര്‍മാണം ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം തടഞ്ഞതു സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍.

വിഷയവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് സുപ്രീം കോടതി നേരത്തെ സ്റ്റേ ചെയ്തതിനു പിന്നാലെ നിയമസഭ പാസാക്കി അയച്ച ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍ തടഞ്ഞുവച്ചിരുന്നു. ഭരണഘടനയുടെ 200-ാം അനുച്ഛേദം അനുസരിച്ച് ഗവര്‍ണര്‍ക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ബില്‍ വിത്ത്‌ഹോള്‍ഡ്’ ചെയ്യുന്നതായി ഗവര്‍ണര്‍ നിയമ സെക്രട്ടറിയെ അറിയിച്ചു. ഇതോടെ ഭരണഘടനാ ബാധ്യത നിറവേറ്റാന്‍ ബില്‍ ഗവര്‍ണര്‍ക്ക് അയച്ച സര്‍ക്കാരിന് ഇത് കനത്ത തിരിച്ചടിയാവുകയും ചെയ്തു. എന്നാല്‍, ബില്ലുമായി ഇനി മുന്നോട്ടു പോകേണ്ടതില്ലെന്ന നിലപാടിലാണു സര്‍ക്കാര്‍.

കേരള മെഡിക്കല്‍ കോളജ് പ്രവേശനം സാധൂകരിക്കല്‍ ബില്‍ ഗവര്‍ണര്‍ ഫലത്തില്‍ തള്ളിയതോടെ ഇക്കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ എടുത്ത എല്ലാ നടപടികളും അസാധുവായി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ തീരുമാനം.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ 2016-17-ല്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളുടെ പ്രവേശനം ക്രമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പ്രവേശന പരീക്ഷാ കമ്മീഷണര്‍ റദ്ദാക്കിയിരുന്നു. ഇതു ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ മുന്നോട്ടുവച്ച ചട്ടങ്ങള്‍ ലംഘിച്ച് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ പ്രവേശനം നടത്തിയ നടപടി സുപ്രീംകോടതിയും തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ മുതിര്‍ന്നത്.

Top