ന്യൂഡല്‍ഹി: മെഡിക്കല്‍ ഡെന്റല്‍ ബിരുദ കോഴ്‌സുകള്‍ക്കു രാജ്യത്തെ എല്ലാ കോളജുകള്‍ക്കുമായി ഒരു പൊതു പ്രവേശനപ്പരീക്ഷ (നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് നീറ്റ്) മാത്രം മതിയെന്ന സുപ്രിംകോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും.
സംസ്ഥാന പ്രവേശനപരീക്ഷ അംഗീകരിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടും. സുപ്രീംകോടതി വിധിക്കു മുമ്പേ കേരളത്തില്‍ പരീക്ഷ പൂര്‍ത്തിയായെന്ന് ചൂണ്ടിക്കാണിക്കും.
കേരളവും ഗുജറാത്തും പരീക്ഷ പൂര്‍ത്തിയാക്കിയതിനെക്കുറിച്ച് വിധിയില്‍ പരാര്‍ശമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വ്യക്തത വരുത്താന്‍ ഹര്‍ജി നല്‍കുക.
മെഡിക്കല്‍ ഡെന്റല്‍ ബിരുദ കോഴ്‌സുകള്‍ക്കു രാജ്യത്തെ എല്ലാ കോളജുകള്‍ക്കുമായി ഒരു പൊതു പ്രവേശനപ്പരീക്ഷ മാത്രം മതിയെന്നും അത് ഈ വര്‍ഷം രണ്ടു ഘട്ടമായി നടത്തണമെന്നുമുള്ള ഉത്തരവു പരിഷ്‌കരിക്കാന്‍ സുപ്രീം കോടതി ഇന്നലെ വിസമ്മതിച്ചിരുന്നു. വ്യാഴാഴ്ചത്തെ ഉത്തരവു പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരാണു സുപ്രീം കോടതിയെ സമീപിച്ചത്.
ദേശീയ പൊതു പ്രവേശനപ്പരീക്ഷയെ ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ അടുത്ത മാസം മൂന്നിനു വാദത്തിനെടുക്കുന്നുണ്ട്. ജസ്റ്റിസ് ദവെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് രണ്ടു ഘട്ടമായി പരീക്ഷ നടത്താന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.
ഈ വര്‍ഷംതന്നെ പരീക്ഷ നടത്താന്‍ തയാറാണെന്നു കേന്ദ്രസര്‍ക്കാരും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും സിബിഎസ്ഇയും കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.