ന്യൂഡല്‍ഹി: മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിനായുള്ള നാഷണല്‍ എന്‍ട്രന്‍സ് എലിജിബിലിറ്റി ടെസ്റ്റ് (നീറ്റ്)ഈ വര്‍ഷം നടത്തേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിനായുള്ള ഏകീകൃത പ്രവേശന പരീക്ഷ ഈ വര്‍ഷം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങള്‍ പ്രവേശന പരീക്ഷയ്ക്കായുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും ചിലര്‍ പരീക്ഷ നടത്തുകയും ചെയ്ത സാഹചര്യത്തില്‍ മെയ് ഒന്നിന് തിരക്കിട്ട് നീറ്റ് പരീക്ഷ നടത്തേണ്ട.
ഈ പരീക്ഷ നടത്തുകയാണെങ്കില്‍ കോടതി തീരുമാനമെങ്കില്‍ അത് രണ്ട് ഘട്ടമായി നടത്തുന്നതിന് പകരം ജൂലൈ 24ന് ഒറ്റഘട്ടമായി നടത്താമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ സത്യവാങ്മൂലം സുപ്രീം കോടതി ഇന്ന് മൂന്ന് മണിക്ക് പരിഗണിക്കും. മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിനായി രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷയായ നാഷണല്‍ എന്‍ട്രന്‍സ് എലിജിബിലിറ്റി ടെസ്റ്റ് നടത്താന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
മെയ് ഒന്നിന് നടക്കുന്ന അഖിലേന്ത്യാ പ്രീമെഡിക്കല്‍ ടെസ്റ്റ് ഒന്നാം ഘട്ടമായി പരിഗണിക്കുകയും ഇതിന് അപേക്ഷിക്കാത്തവര്‍ക്കായി ജൂലൈ 24ന് നീറ്റ് രണ്ടാം ഘട്ടം നടത്താനുമായിരുന്നു തീരുമാനം. കേന്ദ്രസര്‍ക്കാരും. സി.ബി.എസ്.ഇയും, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും സമര്‍പ്പിച്ച സമയക്രമമാണ് കോടതി അംഗീകരിച്ചത്.