ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തില്‍ മാനേജ്‌മെന്റുകളെ അനൂകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍.
സര്‍ക്കാറുമായി കരാറുണ്ടാക്കാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് ഉയര്‍ന്ന ഫീസ് വാങ്ങി പ്രവേശം നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കണ്ണൂര്‍, കരുണ, കെഎംസിടി മെഡിക്കല്‍ കോളജുകള്‍ക്ക് ഉയര്‍ന്ന ഫീസ് വാങ്ങി പ്രവേശം നല്‍കാനാണ് സര്‍ക്കാരിന്റെ അനുമതി.
കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ മെറിറ്റ് സീറ്റിന് 10 ലക്ഷവും കരുണ മെഡിക്കല്‍ കോളജിന് ഏഴര ലക്ഷം രൂപയും ഈടാക്കാമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.
150 സീറ്റ് ലഭിച്ച കെഎംസിടി മെഡിക്കല്‍ കോളജിനും 10 ലക്ഷം ഈടാക്കാം. ഇത് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം കോളജുകള്‍ കോടതിയില്‍ ഹാജരാക്കി.
കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് 10 ലക്ഷം രൂപയും കരുണയ്ക്ക് ഏഴരലക്ഷം രൂപയും ഫീസ് ഈടാക്കാമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവിനെതിരെയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജെയിംസ് കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് മാത്രമേ അനുവദിക്കാന്‍ പാടുള്ളൂവെന്നായിരുന്നു സര്‍ക്കാറിന്റെ ഹര്‍ജിയിലെ ആവശ്യം.
ഫീസ് തര്‍ക്കത്തില്‍ വിധി അനുകൂലമായാല്‍ ബാക്കി തുക വിദ്യാര്‍ത്ഥികള്‍ക്ക് മടക്കി നല്‍കുമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് വിധി വരുന്നതിനു മുമ്പ് സര്‍ക്കാര്‍ ഇത്തരത്തിലൊരു വിജ്ഞാപനം ഇറക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല.
വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവേശം നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കി.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ എല്ലാ സീറ്റിലും ഒരേ ഫീസാണ്. ഇരു കോളേജിലും വാങ്ങാണമെന്ന് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് 4.40 ലക്ഷമാണ്.എന്നാല്‍, 10 ലക്ഷം രൂപയാണ് കണ്ണൂരില്‍ വാങ്ങുന്നത്.
7.40 ലക്ഷത്തില്‍ നിന്ന് 10 ലക്ഷം രൂപയായി ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കരുണയും കോടതിയെ സമീപിച്ചു.
ജയിംസ് കമ്മിറ്റി നിശ്ചയിച്ച ഫീസ് ഘടന ഹൈക്കോടതി സ്റ്റേ ചെയ്തത് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ 27ന് 10 ലക്ഷം രൂപ വാര്‍ഷികഫീസും പത്തുലക്ഷം രൂപ നിക്ഷേപവും വാങ്ങി കണ്ണൂരില്‍ പ്രവേശനനടപടി പൂര്‍ത്തിയാക്കി 29ന് ക്ലാസ് തുടങ്ങിയത്.
2012 മുതല്‍ ഈ കോളേജുകള്‍ സ്വന്തം നിലയ്ക്കാണ് പ്രവേശനം നടത്തുന്നതും ഫീസീടാക്കുന്നതും.