Medical fees issue; Leader’s child studying self-financing colleges

തിരുവനന്തപുരം: സ്വാശ്രയ സമരവുമായി മുന്നോട്ട് പോകുന്ന പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കി സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തന്ത്രപരമായ നീക്കം.

യുഡിഎഫ് നേതാക്കളുടെ മക്കള്‍ പഠിക്കുന്ന സ്വാശ്രയ കോളേജുകളുടെ വിവരങ്ങള്‍ പുറത്ത് വിട്ടാണ് ഭരണപക്ഷത്തിന്റെ ആക്രമണം. സംസ്ഥാന വ്യാപകമായി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രചരണം നടത്താനും ഇടത് പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്.

25ഓളം യുഡിഎഫ് പ്രമുഖരുടെ മക്കളാണ് സ്വാശ്രയ കോളജുകളില്‍ ലക്ഷങ്ങള്‍ കോഴ കൊടുത്ത് പഠിക്കുന്നതെന്ന വിവരമാണിപ്പോള്‍ പുറത്തായിരിക്കുന്നത്.

ഇതില്‍ തന്നെ ആറോളം പേര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത പോലും ലഭിച്ചിരുന്നില്ലത്രെ. അപ്പോള്‍ പിന്നെ എങ്ങനെ പ്രവേശനം വാങ്ങിയതെന്നാണ് ഭരണപക്ഷത്തിന്റെ ചോദ്യം.എല്ലാവരും മാനേജ്‌മെന്റ് ക്വാട്ടയില്‍ തന്നെയാണ് പ്രവേശനം നേടിയത്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ മെഡിക്കല്‍ പിജിക്ക് പഠിക്കുന്നത് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണെന്ന് തെളിവുകള്‍ സഹിതം ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നു. അതും മാനേജ്‌മെന്റ് ക്വാട്ടയില്‍. ഇയാള്‍ എംബിബിഎസിനു പഠിച്ചതും ഇവിടെ തന്നെയായിരുന്നു. ലക്ഷങ്ങള്‍ കോഴ നല്‍കിയ ശേഷമായിരുന്നു പ്രവേശനമത്രെ. മെഡിക്കല്‍ പിജിക്ക് മതിപ്പ് ഫീസ് മൂന്നു കോടി രൂപയും എംബിബിഎസിനു ഒരു കോടി രൂപയും ആണെന്നാണ് ആരോപണം.

ലീഗിന്റെ മുന്‍ മന്ത്രിമാരായ എം.കെ മുനീറിന്റെ മകന്‍ പഠിക്കുന്നത് എംഇഎസ് മെഡിക്കല്‍ കോളജിലാണ്. അബ്ദുറബിന്റെ മകന്‍ പഠിക്കുന്നത് തൃശ്ശൂര്‍ അമലയിലും. ഇതെല്ലാം തന്നെ മാനേജ്‌മെന്റ് ക്വാട്ടയില്‍. കഴിഞ്ഞ ദിവസം അനുഭാവ സത്യഗ്രഹം നടത്തിയ ലീഗ് എംഎല്‍എ എന്‍.ഷംസുദ്ദീന്റെ മകള്‍ പഠിക്കുന്നത് പാലക്കാട് കരുണ മെഡിക്കല്‍ കോളജിലാണ്. സര്‍ക്കാരിന്റെ ഒരു കരാര്‍ വ്യവസ്ഥയും അംഗീകരിക്കാത്ത കോളജായ കരുണയില്‍ കുറഞ്ഞ ഫീസ് തന്നെ 10 ലക്ഷം രൂപയാണ്. കരുണ കോളജ് ഇതുവരെ സര്‍ക്കാരിന്റെ കരാര്‍ അംഗീകരിക്കുകയോ ഒപ്പുവയ്ക്കാന്‍ തയ്യാറാകുകയോ ചെയ്യാതെ സ്വന്തം നിലയില്‍ പ്രവേശനം നടത്തുകയാണെന്നാണ് ആക്ഷേപം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വാശ്രയ കോളജുകള്‍ക്ക് അനുകൂലമായി കരാര്‍ നല്‍കിയ ശേഷമാണ് ഇതില്‍ മിക്ക അഡ്മിഷനുകളും നടന്നത് എന്നതും ശ്രദ്ധേയമാണ്. സാമ്പത്തികമായി അത്ര നല്ല നിലയില്‍ അല്ലാത്ത നേതാക്കളുടെ മക്കള്‍ പോലും ഇത്തരത്തില്‍ പഠിക്കുന്നുണ്ടെന്നതാണ് വസ്തുത. അതും മാനേജ്‌മെന്റ് ക്വാട്ടയില്‍. ഇതില്‍ നിന്നു മനസ്സിലാകുന്നത് ഒന്നുകില്‍ കോഴ കൊടുത്ത് അല്ലെങ്കില്‍ സ്വാധീനം വഴിയാണ് ഇവര്‍ക്ക് പ്രവേശനം സാധ്യമായതെന്ന് വ്യക്തമാക്കുന്നതാണെന്നാണ് സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍ ആരോപിക്കുന്നത്.

അതിനാല്‍ ഈ പ്രവേശനങ്ങളും അഴിമതിയുടെ ഗണത്തില്‍ പെടുന്നതാണെന്നാണ് ഇവരുടെ വാദം.

ഒരുവശത്ത് സ്വാശ്രയ കോളജുകള്‍ക്കെതിരെയും അവര്‍ തലവരിപ്പണം വാങ്ങുന്നതിനെതിരെയും നിരാഹാരം കിടന്ന് ജനങ്ങളെ പറ്റിക്കുന്നതിന്റെയും മറുവശത്ത് സ്വന്തം മക്കളെ ഇത്തരത്തില്‍ കോഴ കൊടുത്ത് സ്വാശ്രയ കോളജുകളില്‍ പഠിപ്പിക്കുന്നതിലെ ധാര്‍മികതയെയുമാണ് ഇടത് സംഘടനകള്‍ ചോദ്യം ചെയ്യുന്നത്.

Top