ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് വര്‍ധിപ്പിക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഫീസ് നിര്‍ണയ സമിതിക്ക് എതിരെ ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണം എന്ന ആവശ്യവും കോടതി തള്ളി. ഇതോടെ ഈ അധ്യയന വര്‍ഷം സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ കോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലുള്ള ഫീസ് നല്‍കാം എന്ന് രേഖാമൂലം എഴുതി നല്‍കേണ്ടി വരും.
ഹൈക്കോടതി വിധി സ്റ്റേ ചെയ്താല്‍ അനിശ്ചിതാവസ്ഥ ഉണ്ടാകുമെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവ് ആണ്. അന്തിമ ഉത്തരവ് പുറപ്പെടുവിച്ച ശേഷം അതില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാവുന്നത് ആണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
2019ലെ കേന്ദ്ര മെഡിക്കല്‍ കമ്മിഷന്‍ നിയമം നിലവില്‍ വന്നതോടെ ഫീസ് നിര്‍ണയിക്കാനുള്ള അധികാരം കമ്മീഷനാണെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കമ്മീഷന്‍ ഇതുവരെയും നിലവില്‍ വന്നിട്ടില്ല. അതിനാല്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം നിലവില്‍ വന്ന സംസ്ഥാന ഫീസ് നിര്‍ണയ സമിതി നിശ്ചയിക്കുന്ന ഫീസാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് എന്നിവര്‍ ചൂണ്ടിക്കാട്ടി.