ന്യൂഡല്‍ഹി: കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ 2016-17, 2017-18, 2018-19 അധ്യയന വര്‍ഷങ്ങളിലേക്ക് നിശ്ചയിച്ചിരുന്ന ഫീസ് പുനഃനിര്‍ണ്ണയിക്കാനുള്ള കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഹര്‍ജി ഓഗസ്റ്റ് പകുതിയ്ക്ക് മുമ്പ് പരിഗണിക്കും.
19 മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനഃനിര്‍ണ്ണയിക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോളേജുകള്‍ ഹാജരാക്കിയ രേഖകള്‍ പരിഗണിച്ചാണ് സംസ്ഥാന ഫീസ് നിര്‍ണ്ണയ കമ്മിറ്റി ഫീസ് നിശ്ചയിച്ചത്. അതിനാല്‍ കോളേജുകള്‍ക്ക് സ്വാഭാവിക നീതി നിഷേധിക്കപെട്ടിട്ടില്ല. ഓഡിറ്റ് ചെയ്യപ്പെടാത്ത രേഖകള്‍ ഫീസ് നിര്‍ണ്ണയത്തിന് പരിഗണിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.