ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മെഡിക്കല്‍ ഇന്റേണുകളെയും കോവിഡ് ഡ്യൂട്ടിക്കു നിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥികളെ ടെലി കണ്‍സല്‍ട്ടേഷന്‍, ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ള രോഗികളുടെ ചുമതല എന്നിവയ്ക്കായിരിക്കും നിയോഗിക്കുക. നിലവില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനാണ് ഇങ്ങനെയൊരു തീരുമാനം.
പുതിയ പിജി വിദ്യാര്‍ഥികള്‍ വരുന്നതുവരെ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ സേവനം ഉപയോഗിക്കും. ബിഎസ്സി/ ജിഎന്‍എം യോഗ്യതയുള്ള നഴ്‌സുമാരെ മുതിര്‍ന്ന ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കീഴില്‍ കോവിഡ് നഴ്‌സിങ് ഡ്യൂട്ടികള്‍ക്ക് ഉപയോഗിക്കും. കോവിഡ് ഡ്യൂട്ടിയില്‍ 100 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ളവര്‍ക്ക് ഇനി വരുന്ന സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റില്‍ മുന്‍ഗണന നല്‍കാനും തീരുമാനിച്ചു. ഇവര്‍ക്കു കോവിഡ് വാക്‌സിനേഷനും ഉറപ്പാക്കും.