തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിന് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാപകമായി കൊണ്ട് വന്നും, വന്‍ ഫീസ് തുക വര്‍ധിപ്പിച്ചും വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിച്ച മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ നിലപാടുകളെ പിന്‍തുണച്ച സംഘടനകള്‍ ഇപ്പോള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പൊതുസമൂഹത്തിനിടയില്‍ തണുത്ത പ്രതികരണം.
നവമാധ്യമങ്ങളില്‍ പോലും പ്രതിപക്ഷ പ്രക്ഷോഭത്തിന് കാര്യമായ പിന്‍തുണ ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്ന യൂത്ത് കോണ്‍ഗ്രസ്സ്-കെഎസ്‌യു മാര്‍ച്ചിനിടെ ചുവന്ന മഷിക്കുപ്പി കണ്ടെത്തിയതും സമരക്കാര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. സമര നാടകമാണ് നടക്കുന്നതെന്ന ഭരണപക്ഷ വാദത്തിന് ശക്തി പകരുന്നതാണ് ഈ സംഭവം.
വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ പൊലീസുമായി നേരിട്ട് ഏറ്റുമുട്ടി തെരുവില്‍ ചോര ചിതറിയ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ സംഘടനകളുടെ ചങ്കൂറ്റവും ധൈര്യവും അഭിനവ ഗാന്ധി ശിഷ്യര്‍ക്ക് അവകാശപ്പെടാനില്ലെങ്കിലും സമരത്തിന് ആവേശം പടര്‍ത്താന്‍ രക്തമില്ലെങ്കില്‍ പകരം ചുവപ്പ് മഷിയെങ്കിലുമിരിക്കട്ടെ എന്ന ധാരണയുടെ പുറത്തായിരുന്നുവത്രെ മഷി പ്രയോഗം.
ഈ സംഭവം യൂത്ത് കോണ്‍ഗ്രസ്സ് -കെഎസ്‌യു സംഘടകള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ നല്ലൊരു ആയുധമാക്കിയിരിക്കുകയാണ് ഭരണപക്ഷ അനുകൂല സംഘടനകള്‍.
യുഡിഎഫ് സര്‍ക്കാരുകള്‍ തന്നെയാണ് സംസ്ഥാനത്തെ ഭൂരിപക്ഷ സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ക്കും അനുമതി നല്‍കിയിട്ടുള്ളതെന്നും ഇപ്പോള്‍ ഫീസ് വര്‍ദ്ധനവിനെതിരെ പ്രതിഷേധമുയര്‍ത്തുന്നവര്‍ യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടക്കുകയാണെന്നും തട്ടിപ്പ് സമരമാണിതെന്നുമാണ് പ്രചരണം.
മെഡിക്കല്‍ ഫീസ് വര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കെതിരെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ ഭീകരമായി തല്ലിച്ചതക്കുകയും വിദ്യാഭ്യാസ കച്ചവടത്തിന് കുട പിടിക്കുകയും ചെയ്ത യുഡിഎഫ് നേതാക്കളുടെ ഇരട്ട മുഖം തിരിച്ചറിയണമെന്ന് ഇടത് നേതൃത്വവും ജനങ്ങളോട് ആവശ്യപ്പെടുന്നു.
ഇപ്പോള്‍ സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ പ്രകാരം നൂറ് സീറ്റുള്ള ഓരോ കോളേജിലും താഴ്ന്ന വരുമാനക്കാരായ 20 കുട്ടികള്‍ക്ക് 25,000 രൂപയും 30 ശതമാനം കുട്ടികള്‍ക്ക് രണ്ട് ലക്ഷവുമാണ് ഫീസ്.
ഇത്രയും കുട്ടികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാനാകുന്നത് ആദ്യമായാണെന്ന യാഥാര്‍ത്ഥ്യം മറച്ച് വച്ചാണ് സമരമെന്നാണ് സര്‍ക്കാര്‍ ഉന്നയിക്കുന്ന പ്രധാന വാദം.
ഫീസിലുണ്ടായ നേരിയ വര്‍ദ്ധനവ് കൂടുതല്‍ കുട്ടികള്‍ക്ക് കുറഞ്ഞ ഫീസില്‍ പ്രവേശനം ലഭിച്ചതിനാല്‍ ധാര്‍മ്മികമായി സര്‍ക്കാര്‍ സര്‍ക്കാര്‍ ഉദ്ദേശ്യം പ്രകടമാവുന്നതാണെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ചൂണ്ടിക്കാട്ടുന്നത്.
ഒരു മുന്‍ ധാരണയുമില്ലാതെ വ്യാപകമായി സ്വാശ്രയ എഞ്ചിനിയറിങ്ങ് കോളേജുകള്‍ അനുവദിച്ച മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ നടപടി എഞ്ചിനിയറിങ്ങ് കോളേജുകള്‍ പൂട്ടുന്ന സാഹചര്യമുണ്ടാക്കിയ പോലെ മെഡിക്കല്‍ മേഖലയും താമസിയാതെ മാറുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
വന്‍ സാമ്പത്തിക ബാധ്യതയുള്ളതിനാല്‍ മെഡിക്കല്‍ കോളേജുകള്‍ നടത്തിക്കൊണ്ട് പോവാന്‍ പറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയ മാനേജ്‌മെന്റുകള്‍ ഇങ്ങനെ പോയാല്‍ എഞ്ചിനിയറിങ്ങ് കോളേജുകള്‍ക്കുണ്ടായ പ്രതിസന്ധി തങ്ങള്‍ക്കുണ്ടാവുമെന്ന് പറഞ്ഞാണ് വിലപിക്കുന്നത്.
എന്നാല്‍ കച്ചവട താല്‍പര്യം മുന്‍നിര്‍ത്തി തുടങ്ങിയ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാവരുത് സര്‍ക്കാര്‍ നയമെന്നാണ് എസ്എഫ്‌ഐ -ഡിവൈഎഫ്‌ഐ സംഘടനകളുടെ നിലപാട്.
അതുകൊണ്ട് തന്നെ സ്വാശ്രയമേഖലയില്‍ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കാതെ സര്‍ക്കാര്‍ നേരിട്ട് പുതിയ കോളേജുകള്‍ തുടങ്ങുകയാണ് വേണ്ടതെന്നാണ് ഇവരുടെ അഭിപ്രായം.
അശാസ്ത്രീയമായി സ്വാശ്രയ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കരുതെന്നും എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്ത വര്‍ഷം മുഴുവന്‍ സീറ്റുകളിലും അഖിലേന്ത്യാ റാങ്ക് ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തേണ്ടതുള്ളതിനാല്‍ ഫീസ് നിര്‍ണ്ണയത്തിന് ഇനി നിയമനിര്‍മ്മാണം തന്നെ വേണ്ടിവരും.
അതേസമയം ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കരാറിന് വിരുദ്ധമായി തലവരിപ്പണം വാങ്ങുന്നതിനെതിരെ കര്‍ക്കശ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം.