ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല എന്ന പൊലീസ് വാദത്തെ തള്ളി അലിഗഢിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല മെഡിക്കല്‍ കോളേജിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ അസിം മാലിക്. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിന് ഉപയോഗിച്ചത് 11 ദിവസം പഴക്കമുള്ള സാമ്പിളുകളാണെന്നും മെഡിക്കല്‍ ഓഫീസര്‍ ആരോപിച്ചു.
ദിവസങ്ങള്‍ പഴക്കമുള്ള സാമ്പിളായതിനാല്‍ പൊലീസ് ഉന്നയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന് യാതൊരു നിയമ സാധുതയും ഇല്ലെന്നാണ് അസിം മാലിക് പറഞ്ഞത്. ബലാത്സംഗ ചെയ്യപ്പെട്ടു എന്ന ആരോപണം ഉയര്‍ന്നു 11 ദിവസത്തിനു ശേഷമാണ് സാമ്പിളുകള്‍ ശേഖരിച്ചതും പരിശോധിച്ചതും. കുറ്റകൃത്യം നടന്ന് 96 മണിക്കൂറിനുള്ളില്‍ ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കണമെന്നുള്ള സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശം നിലനില്‍ക്കെയാണ് ഇത്തരമൊരു വീഴ്ച.