ഡല്‍ഹിയില്‍ മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥിയെ സഹപാഠി കഴുത്തറുത്തു കൊന്നു

Murder

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥിയെ സഹപാഠി കഴുത്തറുത്തു കൊന്നു.

റേഡിയോളജി വകുപ്പില്‍ ബിരുദാനന്തരബിരുദത്തിന് ചേര്‍ന്ന ശാശ്വത് പാണ്ഡെ എന്ന 26കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ശാശ്വതിന്റെ സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ 20 ഓളം കുത്തേറ്റിരുന്നു. സഹപാഠിയായ പ്രതി ഒളിവിലാണ്.

സെന്റ് സ്റ്റീഫന്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാവിലെ ഒമ്പതുമണിയോടെയാണ് ശാശ്വതിനെ റേഡിയേഷന്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിങ് റൂമില്‍ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്.

കൊലപാതക കാരണം വ്യക്തമല്ലെന്നും പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെ 12.30 ഓടെ പ്രതി ഐഡി കാര്‍ഡ് ധരിച്ച് റേഡിയേഷന്‍ വിഭാഗത്തിലെ റിപ്പോര്‍ട്ടിങ് റൂമിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ നിന്നും ലഭിച്ചു.

മുറി അടച്ചശേഷമാണ് ശാശ്വതിനെ ആക്രമിച്ചത്. കൃത്യത്തിനു ശേഷം ഇയാള്‍ പ്രധാന വാതില്‍ അടച്ചശേഷമാണ് പുറത്തുപോയിരിക്കുന്നത്. പ്രതി ഓടിച്ചിരുന്ന കാര്‍ അനന്ത് വിഹാര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ഉപേക്ഷിച്ചിരുന്നു.

ശാശ്വതിന്റെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.

Top