ഭോപ്പാൽ: ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള നീക്കം വിവാദമായതിനു പിന്നാലെ എം.ബി.ബി.എസ് പഠനമാധ്യമവും ഹിന്ദി ആക്കാനുള്ള നീക്കവുമായി മധ്യപ്രദേശ്. സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങൾ ഹിന്ദിയിൽ തയാറാകുന്നതായി ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തു. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കായി തയാറാക്കിയ ഹിന്ദിയിലുള്ള പാഠപുസ്തകങ്ങൾ അടുത്ത ഞായറാഴ്ച ഭോപ്പാലിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കും.
നിലവിൽ മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ഫിസിയോളജി, അനാട്ടമി തുടങ്ങിയ വിഷയങ്ങളുടെ പാഠപുസ്തകങ്ങളാണ് ഹിന്ദിയിൽ തയാറായിട്ടുള്ളത്. കഴിഞ്ഞ ഒൻപതു മാസംകൊണ്ട് നൂറോളം ഡോക്ടർമാർ അടങ്ങുന്ന സമിതിയാണ് പാഠപുസ്തകങ്ങൾ തയാറാക്കിയത്. പുസ്തകം പുറത്തിറക്കുന്നതോടെ മെഡിക്കൽ വിദ്യാഭ്യാസം ഹിന്ദി ഭാഷയിൽ നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും മധ്യപ്രദേശ്.
എന്നാൽ, മധ്യപ്രദേശ് സർക്കാരിന്റെ നീക്കത്തിൽ വിദ്യാർത്ഥികളും മെഡിക്കൽ രംഗത്തെ വിദഗ്ധരും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരമൊരു പാഠ്യപദ്ധതി നിർബന്ധമാക്കിയാൽ ഇവിടെ പഠിക്കുന്നവർക്ക് മധ്യപ്രദേശിലും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലും മാത്രമേ ജോലി ചെയ്യാനാകൂവെന്ന് മധ്യപ്രദേശ് ജൂനിയർ ഡോക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആകാശ് സോണി പ്രതികരിച്ചു. യു.എസ്, ബ്രിട്ടൻ അടക്കമുള്ള വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിനും മറ്റും പോകാൻ ആഗ്രഹിക്കുന്നവർക്ക് യോഗ്യതാ പരീക്ഷ പോലും പാസാകാൻ പ്രയാസമാകുമെന്നം ആകാശ് ചൂണ്ടിക്കാട്ടി.