ഗര്‍ഭഛിദ്രത്തിന് 24 ആഴ്ചവരെ സാവകാശം; കേന്ദ്ര നിയമഭേഗതി നിലവില്‍വന്നു

തിരുവനന്തപുരം: ഗര്‍ഭഛിദ്രത്തിന് 24 ആഴ്ചവരെ സാവകാശം അനുവദിച്ച കേന്ദ്ര നിയമഭേഗതി നിലവില്‍വന്നു. ഇതിന് അനുസൃതമായി മെഡിക്കല്‍ ബോര്‍ഡുകള്‍ രൂപവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

1971 ലെ നിയമം പരിഷ്‌കരിച്ച് അമ്മയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യം കണക്കിലെടുത്ത് ഗര്‍ഭഛിദ്രം നടത്താനുള്ള അനുമതിയാണ് വെള്ളിയാഴ്ച ഭേദഗതിയിലൂടെ നല്‍കിയിട്ടുള്ളത്. 20 ആഴ്ചവരെയുള്ള ഗര്‍ഭം, ഒരു ഡോക്ടറുടെ തീരുമാനപ്രകാരം വേണ്ടെന്നുവയ്ക്കാം. 24 ആഴ്ചയ്ക്കുള്ളിലാണെങ്കില്‍ രണ്ടു ഡോക്ടര്‍മാരുടെ നിഗമനം അവശ്യമാണ്.

മാത്രമല്ല, ഗര്‍ഭസ്ഥശിശുവിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ എപ്പോള്‍ ഗര്‍ഭഛിദ്രം നടത്താനും അനുമതി ലഭിക്കും. പ്രത്യേക മെഡിക്കല്‍ബോര്‍ഡാണ് ഇതുസംബന്ധിച്ച് തീരുമാനം എടുക്കേണ്ടത്. ഗൈനക്കോളജിസ്റ്റ്, ശിശുരോഗവിദഗ്ധന്‍, റേഡിയോളജിസ്റ്റ്, സര്‍ക്കാര്‍ പ്രതിനിധി എന്നിവരാണ് ബോര്‍ഡിലെ അംഗങ്ങള്‍. ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടും അംഗങ്ങള്‍ പരിശോധിക്കും.

അതേസമയം, ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും, നിയമപരമായ ആവശ്യങ്ങള്‍ക്കല്ലാതെ വെളിപ്പെടുത്താന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് ഒരുവര്‍ഷംവരെ തടവു ലഭിക്കും. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകള്‍ ഗര്‍ഭം ധരിക്കുകയാണെങ്കില്‍, അലസിപ്പിക്കാനുള്ള അനുമതിയുമുണ്ട്. 24 ആഴ്ചവരെ സാവകാശം ലഭിക്കും. ഗര്‍ഭനിരോധനമാര്‍ഗങ്ങളുടെ വീഴ്ചകാരണമുണ്ടാകുന്ന ഗര്‍ഭം മാതാവിന്റെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടാലും 20 ആഴ്ചയ്ക്കുള്ളില്‍ ഗര്‍ഭഛിദ്രമാകാം.

നിലവിലുണ്ടായിരുന്ന നിയമപ്രകാരം ഗര്‍ഭഛിദ്രത്തിന് പരമാവധി 20 ആഴ്ചയാണ് അനുവദിച്ചിരുന്നത്. 12 ആഴ്ചവരെ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരവും 20 ആഴ്ചവരെ രണ്ടു ഡോക്ടര്‍മാരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിലും ഗര്‍ഭഛിദ്രം നടത്താമായിരുന്നു.

Top