കൊല്‍ക്കത്ത: സുപ്രീം കോടതിയിലെ ഏഴ് ജഡ്ജിമാരുടെ മാനസിക നില പരിശോധിക്കാന്‍ ജസ്റ്റിസ് കര്‍ണന്റെ ഉത്തരവ്.
ജസ്റ്റിസ് കര്‍ണനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതിയിലെ ഏഴ് ജഡ്ജിമാരുടെ മാനസിക നില പരിശോധിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
ഏഴു ജഡ്ജിമാരെയും എയിംസ് മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാന്‍ ഡല്‍ഹി ഡിജിപിക്ക് ജസ്റ്റിസ് കര്‍ണന്‍ നിര്‍ദേശം നല്‍കി.
സുപ്രീം കോടതി ഉത്തരവനുസരിച്ച് പശ്ചിമ ബംഗാള്‍ ഡിജിപി തന്നെ പരിശോധനയ്ക്ക് കൊണ്ടു പോകാന്‍ എത്തിയാല്‍ ഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യുമെന്നും ജസ്റ്റിസ് കര്‍ണന്‍ അറിയിച്ചു.
ചീഫ് ജസ്റ്റീസ് ജെ എസ് ഖെഹാര്‍ തലവനായ ഏഴംഗ ബെഞ്ചാണ് ജസ്റ്റിസ് കര്‍ണനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ ഉത്തരവിട്ടത്.
കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘം ജസ്റ്റിസ് കര്‍ണനെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മെയ് നാലിന് പരിശോധന നടത്തി എട്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കൂടാതെ ജസ്റ്റിസ് കര്‍ണന്റെ ഉത്തരവുകള്‍ നടപ്പിലാക്കരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി.
ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടുകയാണ്.
സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നടപടിയെ തുടര്‍ന്ന് കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ സുപീം കോടതിയിലെ ഏഴു ജഡ്ജിമാര്‍ക്ക് വിദേശയാത്രക്ക് വിലക്കേര്‍പ്പെടുത്തി ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടിരുന്നു.
പിന്നീട് മറ്റൊരു ഉത്തരവില്‍ ഇവര്‍ക്ക് വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്താനും മെയ് ഒന്നിന് മുമ്പ് സുപ്രീംകോടതി ജഡ്ജിമാര്‍ തന്റെ വസതിയില്‍ ഹാജരാകണമെന്നും ജസ്റ്റിസ് കര്‍ണന്റെ ഉത്തരവുണ്ടായിരുന്നു. തന്റെ വസതിയില്‍ നിന്നുതന്നെയാണ് കര്‍ണന്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നത്.