തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അവശ്യ മരുന്നുകളുടെ വില കുറച്ചിട്ട് 10 ദിവസം കഴിഞ്ഞിട്ടും വിപണിയില്‍ പഴയ വില തന്നെ. 10 മുതല്‍ 25 ശതമാനംവരെ കുറച്ച് ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി വില പുതുക്കി നിശ്ചയിച്ചെങ്കിലും മെഡിക്കല്‍ സ്റ്റോറുകാര്‍ അറിഞ്ഞ മട്ടില്ല.
പഴയ വിലയ്ക്ക് മരുന്ന് വിറ്റ് കച്ചവടക്കാര്‍ ചൂഷണം തുടരുമ്പോള്‍ ഇത് തടയേണ്ട സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിനും അനക്കമില്ല. കാന്‍സര്‍, പ്രമേഹം, രക്ത സമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളുടെ മരുന്നുകള്‍ ഉള്‍പ്പെടെ 33 ഔഷധങ്ങളുടെ വിലകുറച്ചുകൊണ്ടുള്ള വിജ്ഞാപനം ജൂണ്‍ നാലിനാണ് പുറത്തിറക്കിയത്.
രക്താര്‍ബുദത്തിനു നല്‍കുന്ന ഇമാറ്റിനിബ് ടാബ്‌ലറ്റാണ് ഇതില്‍ പ്രധാനം. പത്തു ഗുളികയ്ക്ക് 2882 രൂപയായിരുന്നത് 2133 ആയാണ് കുറച്ചത്, 749 രൂപയുടെ വ്യത്യാസം. പ്രമേഹ മരുന്നായ മെറ്റ്‌ഫോര്‍മിന്‍ 500 മില്ലി ഗ്രാമിന്റെ വില 17 രൂപയില്‍ നിന്ന് 13 ആയി. രോഗികള്‍ ദിവസം മൂന്നു നേരം വരെ ഉപയോഗിക്കുന്ന മരുന്നാണിത്.
അപസ്മാര രോഗികള്‍ക്ക് ജീവിതകാലം മുഴുവന്‍ കഴിക്കേണ്ട മരുന്നായ ഫിനോബാര്‍ബിറ്റോണ്‍ 60 മില്ലിഗ്രാമിന്റെ വില 26 ല്‍ നിന്ന് 16 രൂപയായും അലര്‍ജിയ്ക്കു ഉപയോഗിക്കുന്ന സെട്രിസിന്റെ വില 19 ല്‍ നിന്നും 15 ആയും കുറഞ്ഞിട്ടുണ്ട്.
വിലക്കുറവ് പ്രാബല്യത്തില്‍ വന്ന ദിവസം മുതല്‍ നടപ്പാക്കണമെന്നാണ് നിയമം. എന്നാല്‍ പുതിയ ബാച്ച് മരുന്നുകളെത്തിക്കാതെ മരുന്നു കമ്പനികള്‍ കൊള്ളലാഭമെടുക്കുകയാണ് ഇപ്പോള്‍.
മെഡിക്കല്‍ ഷോപ്പുകളെ വിലക്കുറവിന്റെ വിശദാംശങ്ങള്‍ അറിയിക്കുകയും പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുമെടുക്കേണ്ട ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗവും അറിഞ്ഞ മട്ടില്ല.