നിരോധിത മരുന്നുകള്‍ സംസ്ഥാനത്ത് വ്യാപകമാണെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍

പയ്യന്നൂര്‍: നിരോധിത മരുന്നുകള്‍ സംസ്ഥാനത്ത് വ്യാപകമായി വില്‍ക്കുന്നുണ്ടെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.

വിദേശ രാഷ്ട്രങ്ങള്‍ നിരോധിച്ച അലോപ്പതി മരുന്നുകള്‍ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍ മാത്രമല്ല കേരളത്തിലും വില്‍പന നടത്തുന്നുണ്ടെന്നും ഇത് ആശങ്കജനകമാണെന്നും കടന്നപ്പള്ളി പറഞ്ഞു.

പരിയാരത്ത് കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജ് രജതജൂബിലിയുടെ ഭാഗമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ചരിത്ര, വിദ്യാഭ്യാസ, വൈദ്യശാസ്ത്ര പ്രദര്‍ശനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ കാലാവസ്ഥക്കും ജീവിതസാഹചര്യത്തിനും ആയുര്‍വേദ ചികിത്സയാണ് അനുയോജ്യം. എന്നാല്‍, മരുന്നുകളുടെ വിശുദ്ധിയില്‍ വെള്ളം ചേര്‍ക്കുന്നത് വിശ്വാസ്യത തകര്‍ക്കുന്നു. ഇത് തിരിച്ചുപിടിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും മന്ത്രി പറഞ്ഞു.

Top