തിരുവനന്തപുരം; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന് നാളെ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. മന്ത്രിമാർ ഉൾപ്പെടെ ജനപ്രതിധികളും പങ്കെടുക്കും. മെഡിസെപ് രജിസ്‌ട്രേഷൻ കാർഡുകളുടെ വിതരണോദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. മെഡിസെപ് ഹാൻഡ് ബുക്ക് ചീഫ് സെക്രട്ടറി വി പി ജോയ് മുഖ്യമന്ത്രിയിൽനിന്ന് സ്വീകരിക്കും.
പദ്ധതിയിൽ ഇനിയും അംഗമാകാത്തവരിൽനിന്നുകൂടി പ്രതിമാസ പ്രീമിയം തുകയായ 500 രൂപ ഈടാക്കാനാണ് തീരുമാനം. പ്രീമിയം തുക പിടിക്കുമെങ്കിലും വ്യക്തിഗത വിവരങ്ങൾ നൽകി പദ്ധതിയിൽ ചേരാത്തവർക്ക് ഇൻഷുറൻസ് കാർഡ് ലഭിക്കില്ല. സർക്കാർ ജീവനക്കാരും പെൻഷൻകാരും നിർബന്ധമായും പദ്ധതിയിൽ ചേരണമെന്നാണ് സർക്കാർ നിർദേശം.