ഷിക്കാഗോ: ഷിക്കാഗോയില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് ഭര്‍ത്താവിന്റെ വെടിയേറ്റ സംഭവത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറ്റുമാനൂര്‍ സ്വദേശിയായ അമല്‍ റെജി കോട്ടയം ഉഴവൂര്‍ സ്വദേശിയായ 32 കാരി മീരയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മീരയെ വെടിവെച്ച സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് അമല്‍ റെജിക്കെതിരെ വധ ശ്രമം, മനപൂര്‍വ നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തി. വെടിവെയ്പ്പില്‍ 14 ആഴ്ച്ച പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചു.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന മീരയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. പുറമേയ്ക്ക് വളരെ സന്തോഷകരമായ കുടുംബ ജീവിതം നയിച്ചിരുന്ന അമല്‍ റെജിക്കും മീരയ്ക്കുമിടയില്‍ ഇത്രയും രൂക്ഷമായ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് വിശ്വസിക്കാന്‍ ഇരുവരുടേയും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇതുവരെ വിശ്വസിക്കാനായിട്ടില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയപ്പോഴും ഇരുവരും സന്തുഷ്ടരായിരുന്നുവെന്ന് ഉഴവൂരിലെ മീരയുടെ അയല്‍വാസികളടക്കം സാക്ഷ്യപ്പെടുത്തുന്നത്. മീര കുട്ടിക്കാലം മുതല്‍ എല്ലാവര്‍ക്കും മാതൃകയായി വളര്‍ന്ന കുട്ടിയാണെന്ന് നാട്ടുകാരുടെ അഭിപ്രായം. മീരയുടെ ഉഴവൂരിലെ വീട് അടച്ചിട്ടിരിക്കുകയാണ്.
മാതാപിതാക്കള്‍ സഹോദരനൊപ്പം യുകെയിലാണ്. മീരയുടെ ഇരട്ട സഹോദരി ചിക്കാഗോയില്‍ തന്നെയുണ്ട്. സാമ്പത്തിക കാര്യങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കവും അഭിപ്രായ വിത്യാസവും നിലനിന്നിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോ അമല്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ചിക്കാഗോയ്ക്ക് സമീപമുള്ള ഒരു പള്ളിയുടെ മുറ്റത്ത് വെച്ച് ഇന്നലെ രാത്രി 10 മണിയോടെ അമല്‍ മീരയെ വെടിവെക്കുന്നത്. ഉടനെ പൊലീസെത്തിയാണ് ആംബുലന്‍സില്‍ മീരയെ ആശുപത്രിയില്‍ എത്തിച്ചത്.
മീര ലൂതറന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് അടിയന്തര ശസ്ത്രക്രിയ ഇതിനകം നടത്തിയതായാണ് റിപ്പോര്‍ട്ട്. രണ്ട് തവണയാണ് അമല്‍ റെജി മീരയ്ക്ക് നേരെ വെടിയുതിര്‍ത്തത്. മീരയുടെ കണ്ണിന് സമീപവും വാരിയെല്ലിനുമാണ് വെടിയേറ്റത്. പോയിന്റ് ബ്ലാങ്കിലാണ് അമല്‍ മീരയെ വെടിയുതിര്‍ത്തത്. 2019 ലായിരുന്നു നഴ്‌സായ മീരയും എഞ്ചിനീയറായ അമലും തമ്മിലുള്ള വിവാഹം. ഇവര്‍ക്ക് മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയുണ്ട്.