പറ്റില്ലെങ്കില്‍ പാകിസ്ഥാനിലേക്ക് പോകൂ; സിഎഎ വിരുദ്ധ പ്രക്ഷോഭകരോട് എസ്പി

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങള്‍ ആളിക്കത്തുന്ന പട്ടണമാണ് മീറത്ത്. ഡിസംബര്‍ 20ന് നടന്ന പ്രതിഷേധങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രതിഷേധക്കാരോട് ഇന്ത്യ വിട്ട് പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്.

ഒരു ഇടവഴിലൂടെ നടക്കുമ്പോള്‍ തലപ്പാവ് ധരിച്ച ഒരു സംഘം ആളുകളോട് മീറത്ത് സിറ്റി പോലീസ് സൂപ്രണ്ട് അഖിലേഷ് നാരായണ്‍ സിംഗ് സംസാരിക്കുന്ന വീഡിയോ ക്ലിപ്പില്‍ ‘നിങ്ങള്‍ എവിടെ പോകും? ഈ വഴി ഞാന്‍ ശരിയാക്കും’, എന്ന് പറയുന്നുണ്ട്. നിങ്ങള്‍ കറുപ്പും നീലയും ബാഡ്ജ് ധരിച്ച് നടക്കുകയാണെങ്കില്‍ ഇവരോട് പാകിസ്ഥാനിലേക്ക് പോകാനേ പറയാന്‍ കഴിയൂ, എസ്പി അഖിലേഷ് നാരായണ്‍ സിംഗ് പറഞ്ഞു.

‘നിങ്ങള്‍ക്ക് ഇവിടെ താമസിക്കാന്‍ ആഗ്രഹമില്ലെങ്കില്‍ പാകിസ്ഥാനിലേക്ക് പോകൂ, നിങ്ങള്‍ ഇവിടെ നിന്ന് അവരെ പുകഴ്ത്താന്‍ നില്‍ക്കരുത്. ഈ വഴിയില്‍ ഞാന്‍ സുപരിചിതനാണ്. നിങ്ങളുടെ മുത്തശ്ശിയെ പോലും എനിക്ക് കണ്ടെത്താം. ഇവിടെ എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ വില കൊടുക്കേണ്ടി വരും’, എസ്പിയുടെ മുന്നറിയിപ്പ് കേട്ട് ആളുകള്‍ എല്ലാം ശരിവെയ്ക്കുന്നുണ്ട്.

സാമൂഹ്യവിരുദ്ധര്‍ പാകിസ്ഥാനെ പുകഴ്ത്തി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയതോടെയാണ് എസ്പി സ്ഥലത്തെത്തിയത്. പോലീസിനെ കണ്ടതോടെ ചില യുവാക്കള്‍ ഓടിക്കളഞ്ഞു. പ്രദേശത്ത് വന്‍തോതില്‍ പോപ്പുലര്‍ ഫ്രണ്ട് ലഘുലേഖകള്‍ വിതരണം ചെയ്യുന്നതായും പോലീസ് വ്യക്തമാക്കി. ഇതോടെയാണ് സ്ഥലത്തെത്തിയ എസ്പി ഈ മുന്നറിയിപ്പ് നല്‍കിയത്.

Top