തിരുവനന്തപുരം: സംഘപരിവാര്‍ സംഘടനകള്‍ക്ക് ഭയന്ന് മാതൃഭൂമി അധികൃതര്‍ ‘മീശ’ നോവല്‍ തിരസ്‌ക്കരിച്ചതിന് പ്രതികരണമായി വിവാദ ഭാഗം പ്രസിദ്ധപ്പെടുത്തി മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.വി ജയരാജന്‍.
എതിര്‍ക്കുന്നവരെ കൊന്നാലും, ആശയങ്ങളെയും ആവിഷ്‌ക്കാരങ്ങളെയും സംഘപരിവാറിന് കൊല്ലാന്‍ സാധിക്കില്ലെന്ന് എം.വി ജയരാജന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
നോവല്‍ പിന്‍വലിച്ചതിലുള്ള പ്രതിഷേധമായി ആ ഭാഗം പുറത്തുവിടുന്നത് വായിക്കാനും വിലയിരുത്തപ്പെടാനും ആണെന്ന് അദ്ദേഹം പറഞ്ഞു.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:
‘മീശ’ നോവല്‍ പിന്‍വലിച്ച നടപടി സാംസ്‌കാരികകേരളത്തിന് നാണക്കേട്.
സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് എസ്. ഹരീഷിന്റെ ‘മീശ’ യെന്ന നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് പിന്‍വലിക്കാനെടുത്ത തീരുമാനം സംഘപരിവാറിന് കീഴടങ്ങുന്നതിന് തുല്യമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ സാംസ്‌കാരികകേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. നോവല്‍ പിന്‍വലിക്കുന്നതിന് പകരം എതിരഭിപ്രായമുള്ളവര്‍ക്ക് അതുപറയാനുള്ള സ്വാതന്ത്ര്യം കൂടി അനുവദിക്കുകയാണ് അഭികാമ്യം.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പ്രസാധകര്‍ നിരവധി എഴുത്തുകാരുടെ സൃഷ്ടികള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ പലതിനെക്കുറിച്ചും വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇവിടെ വിമര്‍ശനമല്ല സംഹാരലക്ഷ്യത്തോടുകൂടിയാണ് സംഘപരിവാര്‍ രംഗത്തുവന്നത്. ഇത് ഒറ്റപ്പെട്ട സംഭവവുമല്ല. എം. മുകുന്ദന്‍, എം.എം. ബഷീര്‍, പ്രഭാവര്‍മ്മ, കുരീപ്പുഴ ശ്രീകുമാര്‍, തുടങ്ങി നിരവധി സാഹിത്യകാരന്മാരുടെ സൃഷ്ടികള്‍ക്കും പ്രതികരണങ്ങള്‍ക്കുമെതിരെ സംഘപരിവാര്‍ വാളോങ്ങിയിട്ടുണ്ട്. പെരുമാള്‍മുരുകന്‍ നിയമയുദ്ധത്തിലൂടെ തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം വീണ്ടെടുത്തത് ഈയിടെയാണ്.
ഗൗരിലങ്കേഷ്, കല്‍ബുര്‍ഗി, ധബോല്‍ക്കര്‍, പന്‍സാരെ ഉള്‍പ്പെടെയുള്ള നിരവധി മഹാന്മാരുടെ ജീവനാണ് അക്ഷരവിരോധികളുടെ ആള്‍ക്കൂട്ടമായി അധഃപതിച്ച സംഘപരിവാര്‍ ഇല്ലാതാക്കിയത്. അവരെയൊക്കെ കൊല്ലാന്‍ സാധിക്കും, എന്നാല്‍ ആശയങ്ങളെയും ആവിഷ്‌കാരങ്ങളെയും കൊല്ലാന്‍ സാധിക്കില്ല. പിന്‍വലിച്ച നടപടിയോടുള്ള പ്രതിഷേധമായി പ്രസ്തുത നോവല്‍ ഭാഗം ഇതോടൊപ്പം ചേര്‍ക്കട്ടെ. നോവലിലെ ഈ പുറം മാത്രം അടര്‍ത്തിയെടുക്കാതെ നോവല്‍ മുഴുവന്‍ വായിക്കാനും വിലയിരുത്തപ്പെടാനും സാക്ഷരകേരളത്തിന് അവസരമുണ്ടാകട്ടെ.
– എം.വി. ജയരാജന്‍