‘മീശ’യില്‍ നിലപാട് മാറ്റി ഹര്‍ജിക്കാരന്‍ ; വിവാദ ഭാഗങ്ങള്‍ മാത്രം നീക്കിയാല്‍ മതിയെന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : എസ് ഹരീഷിന്റെ നോവല്‍ നിരോധിക്കണമെന്ന ആവശ്യത്തില്‍ നിന്നും നിലപാട് മാറ്റി ഹര്‍ജിക്കാരന്‍ രാധാകൃഷ്ണന്‍ വരേണിക്കല്‍. എസ് ഹരീഷ് എഴുതിയ മലയാളം നോവല്‍ മീശയിലെ വിവാദ ഭാഗങ്ങള്‍ മാത്രം നീക്കിയാല്‍ മതിയെന്ന് ഹര്‍ജിക്കാരന്‍ ഡല്‍ഹി മലയാളിയും സംഘപരിവാറുകാരനുമായ രാധാകൃഷ്ണന്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.

ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്ന നോവലിലെ വിവാദ ഭാഗങ്ങള്‍ നീക്കിയാല്‍ മതിയെന്ന് മാത്രമാണ് ഇപ്പോഴത്തെ ആവശ്യം.

സുപ്രീം കോടതിയില്‍ എഴുതി നല്‍കിയ പുതിയ വാദത്തിലാണ് ഹര്‍ജിക്കാരന്‍ മുന്‍ നിലപാട് മയപ്പെടുത്തിയത്. നോവല്‍ പൂര്‍ണ്ണമായും നിരോധിക്കണം എന്ന് നേരത്തെ ഹര്‍ജിക്കാരന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പുസ്തകങ്ങള്‍ നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാന്‍ ആകില്ലെന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്റെ നിലപാട് മാറ്റം.

മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച നോവലിന്റെ രണ്ടാമധ്യായത്തിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്ന ഒരു സംഭാഷണത്തിലെ പരാമര്‍ശത്തിനെതിരെയാണ് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയത്.

തുടര്‍ന്ന് ആഴ്ചതിപ്പില്‍ നിന്ന് നോവല്‍ പിന്‍വലിക്കുന്നതായി ഹരീഷ് അറിയിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് മീശ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് ഹരീഷ് അറിയിച്ചിരുന്നു. തുടര്‍ന്ന് മീശ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ തയ്യാറായി ഡി.സി ബുക്‌സ് മുന്നോട്ടുവരികയായിരുന്നു.

Top