ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണാന്‍ ഇനി അഞ്ച് രൂപ നല്‍കിയാല്‍ മതി. മോദിയുടെ നമോ ആപ്പ് വഴിയാണ് ഈ സൗകര്യം. റഫറല്‍ കോഡ് വഴിയാണ് സംവിധാനം സാദ്ധ്യമാകുക. മോദിയെ മുഖാമുഖം കാണാമെന്നാണ് ഈ റഫറല്‍ കോഡിലെ പ്രധാന വാഗ്ദാനം.
നരേന്ദ്ര മോദിയുടെ നമോ ആപ്പ് വഴിയാണ് ഈ റഫറല്‍ കോഡുകള്‍ ലഭിക്കുക. പക്ഷേ ഈ റഫറല്‍ കോഡ് ലഭിക്കണമെങ്കില്‍ ബി.ജെ.പിക്ക് അഞ്ച് രൂപ മുതല്‍ ആയിരം രൂപ വരെയുള്ള സംഭാവന നല്‍കണം. നമോ ആപ്പ് വഴി ആര്‍ക്കും ഇങ്ങനെ സംഭാവന നല്‍കാം. സംഭാവന നല്‍കുന്നവര്‍ക്ക് ഒരു റഫറല്‍ കോഡ് ലഭിക്കും. ഈ റഫറല്‍ കോഡ് ലഭിക്കുന്നയാള്‍ ഇത് വാട്‌സ്ആപ്പ്, എസ്.എം.എസ്, ഇമെയില്‍ വഴി കോണ്‍ടാക്‌സിലുള്ളവര്‍ക്ക് അയക്കണം.
നിങ്ങള്‍ അയക്കുന്ന ലിങ്കില്‍ നിന്നോ റഫറല്‍ കോഡ് ഉപയോഗിച്ചോ സന്ദേശം ലഭിക്കുന്നവര്‍ നമോ ആപ്പിലൂടെ ബി.ജെ.പിക്ക് സംഭാവന നല്‍കിയാല്‍, (കുറഞ്ഞത് നൂറു പേരെങ്കിലും) പ്രധാനമന്ത്രിയെ കാണാനുള്ള സാധ്യത തെളിയുകയായി. സാധാരണക്കാരായ ജനങ്ങളെയും പ്രധാനമന്ത്രിയെയും സംഭാവനകളിലൂടെ ബന്ധിപ്പിക്കുക എന്നതാണ് പുതിയ പദ്ധതിയുടെ ഉദ്ദേശമെന്ന് ഒരു ബി.ജെ.പി നേതാവ് പറഞ്ഞു.
നമോ ആപ്പില്‍ കഴിഞ്ഞദിവസമാണ് ബി.ജെ.പി സംഭാവന നല്‍കാനുള്ള സംവിധാനം അവതരിപ്പിച്ചത്. നിങ്ങളുടെ റഫറല്‍ കോഡ് ഉപയോഗിച്ച് പത്തു പേരെങ്കിലും സംഭാവന നല്‍കിയാല്‍ നമോ ആപ്പിലെ ലഭ്യമായ ടി ഷര്‍ട്ട്, കോഫീ മഗ് തുടങ്ങിയ സാധനങ്ങള്‍ സൗജന്യമായി ലഭിക്കുമെന്ന വാഗ്ദാനവും ഇതിലുണ്ട്.