നേപ്പാള്‍ ദേവത പൊതുവേദിയില്‍; ഒരു നോക്കു കാണാന്‍ ജനപ്രവാഹം

കാഠ്മണ്ഠു: നേപ്പാളിലെ ജീവിക്കുന്ന ദേവത തൃഷ്ണ ഷഖ്യ ആദ്യമായി പൊതു വേദിയില്‍. കഴിഞ്ഞ സെപ്റ്റംബറിലാണ് തൃഷ്ണ ഷഖ്യയെ ആചാരപ്രകാരം ദേവതയായി അവരോധിച്ചത്. ഒരു വര്‍ഷത്തിന് ശേഷം ആദ്യമായാണ് തൃഷ പൊതുജനത്തിന് മുന്നില്‍ എത്തുന്നത്. പരമ്പരാഗത ആഘോഷമായ ഇന്ദ്രജത്ര ആഘോഷത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പെണ്‍ ദേവത എത്തിയത്.

മഴയുടെയും സമ്പല്‍ സമൃദ്ധിയുടെയും ദേവനായ ദേവരാജ് ഇന്ദ്രയുടെ അനുഗ്രഹം തേടിയുള്ള ആഘോഷമാണ് ഇന്ദ്രജത്ര. കാഠ്മണ്ഠു താഴ്വരകളിലെ നേവാര്‍ ഗോത്രത്തിലാണ് ഒരു പെണ്‍കുട്ടിയെ ആചാര പ്രകാരം ദൈവമായി തെരഞ്ഞെടുക്കുന്നത്. മതപരമായ പല പരീക്ഷണങ്ങള്‍ക്കും ആര്‍ത്തവത്തിനും ശേഷമാണ് പെണ്‍കുട്ടിയെ തെരഞ്ഞെടുക്കുക.

ദേവതയെ കാണാനായി വന്‍ ജനക്കൂട്ടമാണ് തടിച്ചു കൂടിയിരുന്നത്. ദേവതയെ വീടുമുതല്‍ നാടു ചുറ്റുന്ന ചടങ്ങാണ് ആദ്യത്തേത്. ഈ സമയം പ്രദേശത്തെ പരമ്പരാഗത കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ചു. കാഠ്മണ്ഠു താഴ്വരകളിലെ സമ്പല്‍ സമൃദ്ധിക്ക് വേണ്ടിയാണ് ഇന്ദ്രജത്ര ആചാരം നടത്തുന്നത്. എട്ട് ദിവസം നീണ്ട് നില്‍ക്കുന്നതാണ് ആഘോഷം. ശത്രുക്കളെ തോല്‍പ്പിച്ച ശേഷമുള്ള ആഘോഷമായും ഇന്ദ്രജത്ര ആഘോഷങ്ങളെ കണക്കാക്കുന്നുണ്ട്. ഭഗവാന്‍ ഇന്ദ്രന്‍ ഇതിനുള്ള ശക്തി തരുമെന്നും വിശ്വാസമുണ്ട്.

Top