ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി. എം.പിയും, അടുത്ത ബന്ധുവുമായ വരുണ്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്ര ദര്‍ശനത്തിനെത്തിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രാഹുലിന്റെ പിതാവും, മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ സഹോദരന്‍ സഞ്ജയ് ഗാന്ധിയുടെ മകനാണ് വരുണ്‍.
അപൂര്‍വ്വമായി മാത്രം ഒരുമിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഇരുവരുടെയും കൂടിക്കാഴ്ച വരുണ്‍ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ഊഹപോഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി സുപ്രധാന ബിജെപി യോഗങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്ന വരുണ്‍ ഗാന്ധി, കാര്‍ഷിക നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ പാര്‍ട്ടിയുടേതില്‍നിന്ന് വിഭിന്ന നിലപാട് സ്വീകരിച്ചതുമാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്.
രാഹുലും, വരുണും ക്ഷേത്രത്തിനു വെളിയില്‍ കണ്ടുമുട്ടുകയും സന്തോഷം പങ്കിട്ടതായും പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഹ്രസ്വവും ഊഷ്മളവുമായിരുന്നു കൂടിക്കാഴ്ച. വരുണിന്റെ മകളെ കണ്ടതില്‍ രാഹുല്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചു . ഇരുവരും തമ്മില്‍ പതിവായ കണ്ടുമുട്ടലുകളില്ലെങ്കിലും നല്ല ആത്മബന്ധം പുലര്‍ത്തുന്നുണ്ട്. കൂടിക്കാഴ്ചയില്‍ രാഷിട്രീയ ചര്‍ച്ചകളുണ്ടായില്ലെന്നും പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു.