മാധ്യമപ്രവര്‍ത്തന രംഗത്ത് ശുദ്ധികലശം; മീ ടൂ പരാതികളില്‍ നടപടിയ്‌ക്കൊരുങ്ങി സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയ്‌നിന്റെ ഭാഗമായി ലൈംഗികാരോപണം നേരിടുന്ന വിവിധ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പൊളിറ്റിക്കല്‍ എഡിറ്റര്‍ പ്രശാന്ത് ജാ, ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ പ്രിന്‍സിപ്പാള്‍ എഡിറ്റര്‍ മായങ്ക് ജെയ്ന്‍, ടൈംസ് ഓഫ് ഇന്ത്യയുടെ ഹൈദരാബാദ് എഡിറ്റര്‍ കെ. ആര്‍ ശ്രീനിവാസ്, സെന്റര്‍ ഫോര്‍ അമേിക്കന്‍ പ്രോഗ്രസ്സ് ഫെല്ലോ ഗൗതം അധികാരി എന്നിവര്‍ക്കെതിരെയാണ് സ്ഥാപനങ്ങള്‍ നടപടി എടുത്തിരിക്കുന്നത്.

പീഡനാരോപണം നേരിടുന്ന മായങ്ക് ജെയ്‌നിനോട് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് വിശദമായ പ്രതികരണം ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തക അനൂ ബുയാന്‍ ട്വിറ്ററിലൂടെയാണ് മായങ്കിനെതിരെ ആരോപണം ഉന്നയിച്ചത്.

ആരോപണം നേരിടുന്ന കെ.ആര്‍ ശ്രീനിവാസിനെതിരെ ഏഴ് സ്ത്രീകള്‍ ചേര്‍ന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ പരാതിയിന്മേല്‍ അന്വേഷണത്തിന് മുന്നോടിയായി ശ്രീനിവാസിനെ അവധിക്കയച്ചു.

തനിക്കെതിരെ പരാതി ഉന്നയിക്കുന്ന സ്ത്രീകള്‍ക്ക് വ്യംഗ്യമായ സന്ദേശങ്ങള്‍ അയച്ചും അവരെ ഒറ്റപ്പെടുത്തിയും നിശബ്ദമാക്കുകയാണ് ശ്രീനിവാസ് എന്ന് പരാതിയില്‍ പറയുന്നു. പീഡനശ്രമം നേരിടേണ്ടി വന്നവരുടെ സാക്ഷ്യപത്രവും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

ടൈംസ് ഓഫ് ഇന്ത്യ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കൂടിയായ ഗൗതം അധികാരിയുടെ വ്യക്തിവിവരങ്ങള്‍ വാഷിങ്ടണ്‍ ഡി.സി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ അമേരിക്കയുടെ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അധികാരി തള്ളിക്കളഞ്ഞു.

Top