ന്യൂഡല്‍ഹി: ദീപാവലിക്ക് മുന്നോടിയായുള്ള മെഗാ സാമ്പത്തിക പാക്കേജ് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും. കോവിഡ് വ്യാപനം മൂലം കടുത്ത പ്രതിസന്ധി നേരിട്ട മേഖലകളെ ലക്ഷ്യം വെച്ചാകും പുതിയ പാക്കേജെന്ന് സൂചനയുണ്ട്.
കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കാകും പ്രാമുഖ്യം. ഇതിനായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 50 വന്‍കിട പദ്ധതികള്‍ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. ദേശീയ ഇന്‍ഫ്രസ്ട്രക്ചര്‍ പൈപ്പ് ലൈന്‍ പദ്ധതിക്കായിരിക്കും ഇതില്‍ മുന്‍ഗണന.
കടുത്ത പ്രതിസന്ധി നേരിടുന്ന ഹോട്ടല്‍, ടൂറിസം, വ്യോമയാനം തുടങ്ങിയ മേഖലകള്‍ക്കും സാമ്പത്തിക പാക്കേജില്‍ പരിഗണന ലഭിച്ചേക്കും. നികുതി, ജിഎസ്ടി എന്നിവയിലെ ഇളവു മാത്രം മതിയാകില്ലെന്നും കേന്ദ്രം വിലയിരുത്തുന്നു. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്(പിഎല്‍ഐ) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ഫാര്‍മ, ഓട്ടോ, ടെലികോം, ടെക്സ്റ്റൈല്‍ തുടങ്ങി 10 പുതിയ മേഖലകളെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.