ന്യൂഡല്‍ഹി: പത്ത് പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് നാല് വന്‍കിട ബാങ്കുകളാക്കുന്ന നടപടി ഏപ്രില്‍ 1 പ്രാബല്യത്തിലാകുമെന്ന് റിസര്‍വ് ബാങ്ക്. കൊവിഡ് വ്യാപനം തടയാനായി 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും ലയനം നീട്ടിവെയ്ക്കില്ല എന്നാണ് റിപ്പോര്‍ട്ട്.
പദ്ധതിപ്രകാരം ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിന്റെയും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിന്റെയും ഭാഗമാകും. ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും.
മെഗാ ബാങ്ക് ഏകീകരണ പദ്ധതി വളരെ പുരോഗതിയിലാണെന്നും ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യാഴാഴ്ച വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് പ്രസ്താവന.
രാജ്യത്തെ ബാങ്കുകളുടെ എണ്ണം കുറച്ച്, വന്‍കിട ബാങ്കുകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 10 ബാങ്കുകളുടെ ലയന പദ്ധതികളെ സംബന്ധിച്ച് മാര്‍ച്ച് 4 നാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
ബാങ്ക് ഓഫീസേഴ്സ് യൂണിയനുകള്‍ കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ലയന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ലയനവുമായി മുന്നോട്ട് പോകാനാണ് ഇപ്പോഴത്തെ തീരുമാനം.