ഷില്ലോങ്:സാധാരണഗതിയില്‍ വിവാഹ ദിനത്തില്‍ വിരുന്നുകാര്‍ക്കിടയില്‍ താരമാകുന്നത് വധുവരന്മാരായിരിക്കും.
എന്നാല്‍ ഇവിടെ അല്പം വ്യത്യസ്തമാണ്. മേഘാലയിലെ ഷില്ലോങ്ങില്‍ നടന്ന വിവാഹ ചടങ്ങില്‍ വിരുന്നുകാര്‍ക്കിടയില്‍ താരമായത് വധുവിന്റെ പിതാവും സൃഹൃത്തുകളുമാണ്.
വധുവിന്റെ പിതാവും മേഘാലയ മുഖ്യമന്ത്രിയുമായ മുകുള്‍ സാങ്മയും കൂട്ടുകാരായ മേഘാലയ പ്രതിപക്ഷ നേതാവ് ഡോ. ദൊങ്കുപാര് റോയ്, യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് പോള്‍ ലിങ്തോ എന്നിവരുടെ തകര്‍പ്പന്‍ റോക് ഗാനമായിരുന്നു വിരുന്നുകാരെ ഞെട്ടിച്ചത്.
ഇവരുടെ വിഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമാണ്.
ബീറ്റില്‍സ് സംഗീത ബാന്റിന്റെ ‘ഓള് മൈ ലവിങ്’ എന്ന ക്ലാസിക് ഗാനമാണ് മുഖ്യമന്ത്രിയും കൂട്ടരും പാടിയത്. ഇന്ത്യയിലെ റോക് സോങ്ങിന്റെ തലസ്ഥാനമായി അറിയപ്പെടുന്ന ഷില്ലോങ്ങിലെ പേരുകേട്ട പാട്ടുകാരനാണ് മുഖ്യമന്ത്രി സാങ്മ.
കോളേജ് സംഗീത ബാന്റിലെ അംഗമായിരുന്ന ഇദ്ദേഹം 2015ല്‍ മേഘാലയ നിയമസഭ കെട്ടിടത്തിന്റെ ഉദ്ഘാടന ദിവസവും പാടിയിരുന്നു.