ന്യൂഡല്‍ഹി: കശ്മീരിന് മേല്‍ പാകിസ്താന് ഒരു അവകാശവുമില്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കശ്മീര്‍ താഴ്‌വരയയിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ പാകിസ്താനാണെന്നും അവര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
നരേന്ദ്ര മോദി പ്രധാമന്ത്രിയായിരിക്കുമ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെയൊരിക്കലും ഈ വിഷയം പരിഹരിക്കാന്‍ സാധിക്കില്ലെന്നും മെഹബൂബ മുഫ്തി പറഞ്ഞു.
പാകിസ്താന്റെയും വിഘടന വാദികളുടെയും പ്രകോപനത്തെ തുടര്‍ന്ന് കശ്മീരിലെ യുവാക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥരേയും പൊലീസ് സ്റ്റേഷനുകളും ആക്രമിക്കുകയാണ്.
സമാധാനമാണ് തങ്ങള്‍ക്ക് വേണ്ടതെന്നും യുവാക്കളുടെ ജീവന്‍ സംരക്ഷിക്കാന്‍ സഹായിക്കണമെന്നും അവര്‍ വിഘടന വാദികളോട് ആവശ്യപ്പെട്ടു.
കശ്മീരിനോട് എന്തെങ്കിലും അനുകമ്പയുണ്ടെങ്കില്‍ സുരക്ഷാ സൈനികരെ ആക്രമിക്കാന്‍ യുവാക്കളെ പ്രകോപിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മെഹബൂബ ആവശ്യപ്പെട്ടു.
ഹിസ്ബുള്‍ മുജാഹിദീര്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ അരങ്ങേറിയ കലാപത്തില്‍ 69 പേര്‍ കൊല്ലപ്പെടുകയും നൂറോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വാനി കൊല്ലപ്പെട്ട ശേഷം ആദ്യമായാണ മെഹബൂബ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.