ശ്രീനഗര്‍: അമ്മയുമായുള്ള ആശയവിനിമയം നടത്തുന്നത് വളരെ ശ്രമകരമായ ജോലിയായിരുന്നു. കണ്ണുനിറയിക്കുന്ന കഥയാണ് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി വെളിപ്പെടുത്തിയിരിക്കുന്നത്.
മെഹബൂബ ആറ് മാസമായി തടവില്‍ കഴിയുകയാണ്. അമ്മയുമായി ആശയവിനിമയം നടത്താന്‍ ഈ മകള്‍ കണ്ടുപിടിച്ച മാര്‍ഗ്ഗം ഇതായിരുന്നു. അമ്മയെ അറിയിക്കാനുള്ള കാര്യങ്ങള്‍ എഴുതിയ കത്ത് ചെറുതായി മടക്കി ചപ്പാത്തിക്കുള്ളില്‍ ഉരുട്ടി ഉച്ചഭക്ഷണ ബോക്‌സില്‍ ഒളിപ്പിക്കും. ഏറെ വിഷമം നിറഞ്ഞ ഘട്ടമാണിതെന്നും ആര്‍ക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും അവര്‍ പറയുന്നു.
മെഹബൂബയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മകള്‍ ഇല്‍തിജ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ മെഹബൂബ മുഫ്തിയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഇല്‍തിജയാണ്.
‘അവരെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്ത ആഴ്ച ഞാന്‍ ഒരിക്കലും മറക്കില്ല. അവരുടെ പക്കല്‍ നിന്ന് ഒരു കുറിപ്പ് ലഭിക്കും വരെയുള്ള ദിവസങ്ങള്‍ ഉത്കണ്ഠ നിറഞ്ഞതായിരുന്നു. അവര്‍ക്കായി വീട്ടില്‍ നിന്ന് പാചകം ചെയ്ത് കൊടുത്തുവിട്ട ഉച്ചഭക്ഷണ പാത്രത്തിലായിരുന്നു അത്’, ഇല്തിജ ട്വിറ്ററില്‍ കുറിച്ചു.
‘അയച്ച കത്തിന് മറുപടി അയയ്ക്കാനുള്ള വഴി മുത്തശ്ശിയാണ് കണ്ടെത്തിയത്. ഞാന്‍ എഴുതിയ കത്ത് ചെറുതായി മടക്കി ഉരുട്ടി ഒരു ചപ്പാത്തിക്കുള്ളില്‍ വെച്ച് ഉച്ചഭക്ഷണ പാത്രത്തിലാക്കി’, – ഇല്‍തിജ പറഞ്ഞു.
കശ്മീരില്‍ നിലനിന്നിരുന്ന 370-ാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ഓഗസ്റ്റ് 5 മുതല്‍ മെഹബൂബ മുഫ്തി കസ്റ്റഡിയിലാണ്.