മെഹ്ബൂബ മുഫ്തിയെ മോചിപ്പിച്ചു

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തില്‍ അധികമായി വീട്ടുതടങ്കലിലാക്കിയിരുന്ന ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി. നേതാവുമായ മെഹ്ബൂബ മുഫ്തിയെ മോചിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് അവരെ വീട്ടുതടങ്കലില്‍ ആക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ പബ്ലിക് സേഫ്റ്റി ആക്ട് (പിഎസ്എ) പ്രകാരം ആയിരുന്നു മുഫ്തി അടക്കമുള്ള നിരവധി നേതാക്കളെ തടവില്‍ പാര്‍പ്പിച്ചത്.

മെഹ്ബൂബയെ എത്രനാള്‍ തടവില്‍ വെയ്ക്കുമെന്ന് സെപ്റ്റംബറില്‍ സുപ്രീം കോടതി ചോദിച്ചിരുന്നു. മെഹ്ബൂബ മുഫ്തിയുടെ മകള്‍ക്കും മകനും തടങ്കലില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാമെന്ന് സുപ്രീം കോടതി തുടര്‍ന്ന് അറിയിച്ചു.

മെഹ്ബൂബയ്‌ക്കെതിരായ നടപടിയെ ചോദ്യം ചെയ്ത് മകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണു മോചനം. മുഫ്തിയെ ഉടന്‍ മോചിപ്പിക്കാന്‍ തിങ്കളാഴ്ച ഉത്തരവിറങ്ങിയിരുന്നു. നേരത്തെ, ജൂലായിയില്‍ മുഫ്തിയുടെ തടങ്കല്‍ പി.എസ്.എ. നിയമപ്രകാരം മൂന്നുമാസത്തേക്ക് കൂടി ജമ്മു കശ്മീര്‍ ഭരണകൂടം നീട്ടിയിരുന്നു.

മെഹബൂബ മുഫ്തി ഒക്ടോബര്‍ 16 ന് വാര്‍ത്താ സമ്മേളനം നടത്തും. അവരുടെ മോചനത്തെ രാഷ്ട്രീയ എതിരാളിയും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള അടക്കമുള്ളവര്‍ സ്വാഗതം ചെയ്തു. മെഹ്ബൂബ മോചിപ്പിക്കപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഒമര്‍ ട്വീറ്റ് ചെയ്തു.

Top