കേന്ദ്രത്തിന് മുന്നറിയിപ്പുമായി മുഫ്തി പിഡിപിയെ പിളര്‍ത്താന്‍ ശ്രമിച്ചാല്‍ അനന്തരഫലങ്ങള്‍ അപകടകരമായിരുക്കും

ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പി ഡി പി യെ പിളര്‍ത്താന്‍ ശ്രമിച്ചാല്‍ അതിന്റെ അനന്തരഫലങ്ങള്‍ അപകടകരമായിരിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കശ്​മീരിൽ വിഘടനവാദികളായ സലാഹുദ്ദീനും യാസിൻ മാലികും ഉണ്ടായതെന്തുകൊ​ണ്ടെന്ന്​ ചിന്തിക്കുകയണെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

തങ്ങളുടെ കാര്യത്തില്‍ കേന്ദ്രം ഇടപെടാതിരുന്നാല്‍ തന്നെ ജമ്മു കശ്മീരില്‍ ഒരു പ്രശ്‌നവുമില്ലെന്നും, വീട്ടില്‍ പ്രശ്‌നമുണ്ടെങ്കില്‍ അത് അവിടെ തന്നെ തീര്‍ന്നു കൊള്ളുമെന്നും മുഫ്തി വ്യക്തമാക്കി.

ജൂലൈ 13 ന് രക്തസാക്ഷി ദിനം ആചരിക്കുന്ന കശ്മീരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുടെ ഈ വാക്കുകള്‍. ചടങ്ങില്‍ രക്തസാക്ഷികളെ താന്‍ ബഹുമാനിക്കുന്നതായും മുഫ്തി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരില്‍ പിഡിപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ ബി ജെ പി ശ്രമിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു അതിനു പിന്നാലെയാണ് മുഫ്തിയുടെ മുന്നറിയിപ്പ്.

ബി ജെ പി യുടെ നീക്കത്തിനെതിരെ പിഡിപി എം.എല്‍.എ ആബിദ് അന്‍സാരിയുടെ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തി രംഗത്തുവന്നിരുന്നു.

ബിജെപി സര്‍ക്കാരിനെ പിന്തുണക്കാന്‍ പിഡിപിയിലെ ഒരു വിഭാഗം ആലോചിക്കുന്നുണ്ടെന്ന് ആബിദ് അന്‍സാരി പറഞ്ഞു. ഷിയാ പണ്ഡിതന്‍ ഇമ്രാന്‍ അന്‍സാരിയുടെ ബന്ധു കൂടിയാണ് ആബിദ്. ഒരു ഡസനിലധികം എം.എല്‍.എമാര്‍ തങ്ങളോടൊപ്പമുണ്ടെന്നാണ് ആബിദ് അവകാശപ്പെടുന്നത്.

കശ്മീരില്‍ സര്‍ക്കാരുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകളുടെ ഭാഗമായി മെഹബൂബ മുഫ്തി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിര്‍മല്‍ സിങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

പിഡിപിയില്‍ പിളര്‍പ്പുണ്ടാക്കി ഒരു വിഭാഗത്തെ തങ്ങളുടെ ഒപ്പം നിര്‍ത്താനാണ് ബി ജെ പി ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 87 അംഗ സഭയില്‍ 44 പേരുടെ പിന്തുണയാണ് പാര്‍ട്ടിക്ക് ഭൂരിപക്ഷത്തിന് വേണ്ടത്.

Top